Connect with us

Hi, what are you looking for?

NEWS

കേരഗ്രാമം പദ്ധതിക്ക് തുടർ പ്രവർത്തനങ്ങൾ ഉണ്ടാകണം: കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്

പോത്താനിക്കാട്: കേരഗ്രാമം പദ്ധതി കേവലം സാമ്പത്തിക ആനുകൂല്യ വിതരണത്തിന് മാത്രമായി ഒതുങ്ങരുതെന്നും,തുടർ പ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് കേരാധിഷ്ഠിതമായ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിതരണം നടത്താൻ കർഷകരെ സജ്ജരാക്കണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. പോത്താനിക്കാട് ഫാര്‍മേഴ്‌സ് കോ- ഓപ്പറേറ്റീവ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും നാളുകളിൽ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകൾ സ്വയം വെളിച്ചെണ്ണ നിർമ്മിച്ച് ബ്രാൻ്റായി നാട്ടിൽ വിൽപ്പന നടത്താനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കണം, കൂടാതെ വെർജിൻ കോക്കനട്ട് ഓയിൽ പോലുള്ള പരമ്പരാഗത ഉത്പന്ന നിർമ്മാണത്തിലേക്കും നാം കടക്കണം. വില കൊടുത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന ഉത്പന്നങ്ങൾ വാങ്ങുന്നതിന് പകരം സ്വന്തമായി നിർമ്മിക്കുന്ന ഉല്പന്നങ്ങൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മലയാളികൾ മാറണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അഭിപ്രായം എം.എൽ.എ ഏറ്റെടുത്തതോടെ കർഷകർ വലിയ ഹർഷാരവത്തോടെയാണ് ഏറ്റെടുത്തത്.


പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ 250 ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതി പ്രകാരം കർഷകർക്ക് നൽകുന്ന ധനസഹായ ആനുകൂല്യം കേര സമിതി ചെയർമാൻമാരായ ഷാൻ മുഹമ്മദിനും, ജോസ് പോൾ ചുണ്ടാട്ടിനും ചടങ്ങിൽ മന്ത്രി കൈമാറി. കാർഷിക മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കർഷകർക്കും, വിദ്യാർത്ഥികൾക്കും, ജനപ്രതിനിധികൾക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മികച്ച കേര കർഷകരായ കെ.സി.പൈലി,
കുറ്റിശ്രക്കുടിയിൽ, എൽസി ജോർജ്, ഞവരക്കാട്ട് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ആദരിച്ചു.

പദ്ധതിയുടെ വിശദീകരണം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എം.ബബി ത നിർവ്വഹിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപെഴ്സൺ റാണിക്കുട്ടി ജോർജ്, നിസാമോൾ ഇസ്മായിൽ, ഡോളി സജി, സാലി ഐപ്പ്, ജിനു. മാത്യു, മിൽസി ഷാജി, മേരി തോമസ്സ്, സന്തോഷ് ജോർജ്, നൈസ് എൽദോ, ആഷ ജിമ്മി, ഫിജിന മക്കാർ, ജോസ് വർഗ്ഗീസ്, ബിസ്നി.ജിജോ, സാറാമ്മ പൗലോസ്, സജി.കെ.വർഗ്ഗീസ്, സണ്ണി മാത്യു,സുമ ദാസ്, ടോമി ഏലിയാസ്, സുബി മോൾ ഷൈൻ, വിൻസെൻ ഇല്ലിക്കൽ, വി.കെ.രാജൻ, ബോബൻ ജേക്കബ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.ജോർജ് സ്വാഗതവും, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി സിന്ധു നന്ദിയും അർപ്പിച്ചു.

ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ മുതൽ വാഴകൃഷിയും പരിചരണവും എന്ന വിഷയത്തിൽ ഷാജി ജോയ് എഡിസണും, തെങ്ങ് കൃഷിയും പരിചരണവും എന്ന വിഷയത്തിൽ വയനാട് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിജുമോൻ സഖറിയും നയിച്ച കാര്‍ഷിക സെമിനാറുകളും, വിവിധ മത്സരങ്ങളും, കേര സംരക്ഷണ ജാഥയും സംഘടിപ്പിച്ചിരുന്നു. പിണ്ടിമന, പല്ലാരിമംഗലം, പോത്താനിക്കാട് കൃഷിഭവൻ സ്റ്റാളുകളും, നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം, തൃശൂർ മതിലകം അഗ്രോ സർവ്വീസ് സെൻ്റർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, പൈങ്ങോട്ടൂർ കൃഷിഭവൻ്റെ ഇളനീർ പന്തൽ, ഫുഡ് കോർട്ട് തുടങ്ങീ പ്രദർശന സ്റ്റാളുകളും,ചാത്തമറ്റം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നന്ദന റെജി എന്ന വിദ്യാർത്ഥിയുടെ കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉത്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു.

You May Also Like