കോതമംഗലം: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ആഴ്ചച്ചന്ത പ്രവർത്തനം ആരംഭിച്ചു. പോത്താനിക്കാട് പോലീസ് സ്റ്റേഷനു സമീപം ആരംഭിച്ച ആഴ്ചച്ചന്തയുടെ ഉത്ഘാടനം കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി. സിന്ധു നിർവ്വഹിച്ചു. കൃഷി ഓഫീസർ സണ്ണി കെ.എസ്, കൃഷി അസിസ്റ്റൻ്റുമാരായ അനിത പി.കെ, സൗമ്യ പി.എ, ഫീൽഡ് അസിസ്റ്റൻ്റ് റിൻസി എം.ഇ, കമ്മിറ്റി ഭാരവാഹികളായ മല്ലിക ഹരിദാസ്, അന്നക്കുട്ടി മത്തായി, മേരി മാത്യു, ഉഷ ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
കർഷകർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഇനം നാടൻ കാർഷിക ഉൽപന്നങ്ങൾക്കായി പ്രാദേശിക തലത്തിൽ വിപണി ഒരുക്കുകയാണ് മുഖ്യ ലക്ഷ്യം. ചീര, വെള്ളരി, കോവയ്ക്ക, മാങ്ങ, കാബേജ് ,ചക്ക, കാന്താരിമുളക് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയിരുന്നു.
സുഭിക്ഷ കേരളം പദ്ധതിയിൽ രൂപീകരിക്കുന്ന ഇത്തരം വിപണന സൗകര്യങ്ങൾ കൂടുതൽ കർഷകരും, യുവാക്കളും കൃഷിയിലേക്കെത്തുന്നതിനും, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മണി മുതലാണ് ആഴ്ചച്ചന്തയുടെ പ്രവർത്തനം.