Connect with us

Hi, what are you looking for?

AGRICULTURE

കോതമംഗലം താലൂക്കിൽ കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ കൃഷി ഉദ്യോസ്ഥർ സന്ദർശിച്ചു.

കോതമംഗലം :ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും, പിണ്ടിമന, കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലും വ്യാപകമായി കൃഷി നാശം സംഭവിച്ചിരുന്നു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.പി.സിന്ധുവിൻ്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ ബോസ് മത്തായി, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൽദോസ് പി, കൃഷി അസിസ്റ്റൻ്റുമാരായ ഇ.പി സാജു, ബേസിൽ വി. ജോൺ തുടങ്ങിയവർ വിവിധ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചു. മുന്നോറോളം കർഷകർക്കായി 1.25 കോടി രൂപയുടെ നഷ്ടം വിലയിരുത്തുന്നു. 26000 നേന്ത്രവാഴകൾ, 200 കായ്ക്കുന്ന ജാതി മരങ്ങൾ 1500 റബ്ബർ മരങ്ങൾ, 50 കവുങ്ങ്, 20 തെങ്ങ് തുടങ്ങിയവ പൂർണ്ണമായി നശിച്ചു.

കോതമംഗലം കള്ളാട് ഭാഗത്തെ മണലിക്കുടി പൗലോസ്, കീരംപാറയിലെ പറക്കുടി വീട്ടിൽ ജോസ്, സജീവ് വർഗ്ഗീസ് അമ്പഴച്ചാലിൽ, കാക്കത്തുരുത്തിൽ ചാക്കോ എന്നിവരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചു. നാശനഷ്ടമുണ്ടായ എല്ലാ പ്രദേശങ്ങളിലും കൃഷി ഉദ്യോസ്ഥർ പരിശോധന നടത്തുന്നുണ്ട്. ഭൂരിഭാഗം കർഷകരും വിള ഇൻഷ്വർ ചെയ്തിട്ടുള്ളവരാണ്. അവർക്ക് ഇൻഷുറൻസ് ആനുകൂല്യവും, ഒപ്പം കൃഷിനാശം ഉണ്ടായ എല്ലാ കർഷകർക്കും പ്രകൃതിക്ഷോഭ ധനസഹായവും ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ ആരംഭിച്ചതായി കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.


കൃഷിനാശം സംഭവിച്ച് 24 മണിക്കൂറിനകം തന്നെ കർഷകർ കൃഷിഭവനിൽ വിവരം അറിയിക്കേണ്ടതാണ്. കൂടാതെ കൃഷി ആരംഭിക്കുമ്പോൾത്തന്നെ കാർഷിക വിളകൾ സമയബന്ധിതമായി ഇൻഷ്വർ ചെയ്യാനും കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഇൻഷുറൻസ് സംബന്ധിച്ച വിശദവിവരങ്ങൾ കൃഷിഭവനിൽ നിന്ന് ലഭ്യമായിരിക്കുന്നതാണ്.

You May Also Like