എറണാകുളം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനി ആൻ മേരിയുടെ (21) മൃതദേഹം സ്വദേശമായ തൃശൂർ പുതുക്കാടേക്ക് കൊണ്ടുപോയി. കളമശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പതിനൊന്നരയോടെയാണ് പോസ്റ്റ്‍മോർട്ടം പൂർത്തിയായത്. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ പുതുക്കാട് പാലാഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നു. മന്ത്രി പി. രാജീവ്, കോതമംഗലം എംഎൽഎ ആന്‍റണി ജോൺ തുടങ്ങിയവർ ആശുപത്രിയിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ആൻമേരിയുടെ സഹപാഠികളും അധ്യാപകരും ഇവിടെയെത്തിയിരുന്നു.
അത്യന്തം ദാരുണമായ അപകടമായിരുന്നു ഇന്നലെ വൈകിട്ട് 6 മണിയോടെ കോതമംഗലം നീണ്ടപാറയിലെ സംസ്ഥാന പാതയിൽ നടന്നത്. ആന മറച്ചിട്ട പന പൊടുന്നനെയാണ് വിദ്യാർത്ഥികൾക്കുമേൽ പതിച്ചത്. നാട്ടുകാർ ഓടികൂടിയപ്പോഴും രണ്ട് ആനകൾ സ്ഥലത്ത് തമ്പടിച്ചിരുന്നു. ആനശല്യം രൂക്ഷമായതിനാൽ പ്രദേശത്ത് ജനജീവിതം ദുസഹമാണ്. സുഹൃത്ത് അൽത്താഫായിരുന്നു ബൈക്ക് ഓടിച്ചത്. ആൻ മേരി പിൻസീറ്റിലായിരുന്നു. ആന തള്ളിയിട്ട പന ഒടിഞ്ഞുവീണത് നേരെ ആൻ മേരിയുടെ ദേഹത്തേക്കായിരുന്നു. അൽത്താഫും തെറിച്ചുവീണു. നിയന്ത്രണം വിട്ട ബൈക്ക് 25 മീറ്ററോളം മുന്നോട്ട് പോയി കുഴിയിലേക്ക് പതിച്ചു. അപകടം നടന്നതിന് തൊട്ടടുത്താണ് ചെമ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകരും സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് തുരത്തി. വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻ മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ പൊട്ടിയ അൽത്താഫിനെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.
റോഡിനോട് ചേർന്ന് നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്. ഇത്രവലിയ അപകടമുണ്ടായിട്ടും വനംവകുപ്പ് പതിവ് അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ച് നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.