കോതമംഗലം : ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങൾക്ക് ഇന്ന് തിരശീല വീണു. കോവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പ്രചരണം ഉഷാറായിരുന്നു. ഭവന സന്ദർശനം, മൈക്ക് അനൗണ്സ്മെന്റ് എന്നിവക്കൊപ്പം സോഷ്യൽ മീഡിയയും പ്രചാരണ മാധ്യമങ്ങളായി. ആളെക്കൂട്ടിയുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും പലയിടത്തും ആൾ കൂട്ടം ദൃശ്യമായിരുന്നു. ചെറുവട്ടൂരിൽ എല്ലാം മറന്ന് കൊട്ടിക്കലാശം ആഘോഷമാക്കുകയായിരുന്നു ജനങ്ങൾ. മണികണ്ഠൻചാലിൽ സിപിഐ ബിജെപി സംഘർഷം ഉണ്ടാകുകയും ചെയ്‌തു.
ഡിസംബർ 10 നു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. രണ്ടു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പൂർത്തിയാക്കിയത്. ഡിസംബർ ഒൻപതിനു പോളിംഗ് സാമഗ്രികളുടെ വിതരണവും ഡിസംബർ 10 ന് വോട്ടെടുപ്പും നടക്കും. കോവിഡ് ഭീഷണിയുടെ നടുവിൽ ഏറ്റവും കൃത്യതയാർന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് ജില്ലയിൽ നിർവഹിച്ചത്. പരിശോധന പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കി സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡിസംബർ ഒൻപതിന് ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റും അടങ്ങുന്ന വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും കോവിഡ് പ്രതിരോധ കിറ്റും വിതരണം ചെയ്യും. 28 സ്വീകരണ -വിതരണ കേന്ദ്രങ്ങളാണ് ജില്ലയിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തിലെത്തിക്കുന്നതിനുള്ള വാഹനങ്ങളുടെ സജ്ജീകരണങ്ങളും പൂർത്തിയായി. ബോട്ടുകളും യാത്രക്കായി ഒരുക്കിയിട്ടുണ്ട്.
ബൂത്തുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ആരംഭിച്ചു. അതാത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. വോട്ടർമാർക്ക് ക്യൂ നിൽക്കുമ്പോൾ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ഒരു മീറ്റർ അകലത്തിൽ പ്രത്യേകം അടയാളമിട്ടു നൽകും. അടയാളമിടുന്ന ജോലികൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ബൂത്തുകൾ അണുവിമുക്തമാക്കുന്ന ജോലികളും ഡിസംബർ ഒൻപതോടെ പൂർത്തിയാകും.