പല്ലാരിമംഗലം : പഞ്ചായത്തുമായി ബന്ധപ്പെട്ട് വാർഡുകളിൽ അതി ദരിദ്രരെ കണ്ടെത്തുവാനുള്ള സർവ്വേ, ലൈഫ് ഭവനപദ്ധതി വെരിഫിക്കേഷൻ, 2021 2022 വാർഷിക പദ്ധതി നിർവ്വഹണം, ജലജീവൻ പദ്ധതി വാട്ടർ കണക്ഷൻ നൽകൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷിബി ബോബൻ മൂന്ന് മാസത്തോളമായി പഞ്ചായത്തിൽ അവധി അപേക്ഷപോലും നൽകാതെ വിദേശത്ത് പോവുകയും അതുമൂലം വാർഡിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ അവതാളത്തിലാവുകയും ചെയ്തതിൽ പ്രതിഷേധിച്ച് സി പി ഐ എം മാവുടി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ മാവുടി സ്കൂൾപടിയിൽ പ്രതിഷേധ മാർച്ചും, യോഗവും സംഘടിപ്പിച്ചു. പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി അംഗം ഒ ഇ അബ്ബാസ് പ്രതിഷേധ യോഗം ഉദ്ഘാടം ചെയ്തു.
ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് വിനിയോഗവുമായി ബന്ധപ്പെട്ട് വാർഡിൽ വിളിച്ച് ചേർത്ത സ്പെഷ്യൽ ഗ്രാമസഭയിലും വാർഡ് മെമ്പറുടെ അഭാവം ചർച്ചയായി. ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്, 2022 2023 വാർഷിക പദ്ധതി രൂപീകരണം ഇതെല്ലാം മെമ്പറുടെ അസാന്നിദ്ധ്യത്തിൽ വാർഡിൽ അവതാളത്തിലാവുകയാണ്. പ്രതിഷേധയോഗത്തിൽ എം പി പ്രതീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം എൻ സുകുമാരൻ, കെ എം അനീഷ്, ഹാജ മൈതീൻ, ഫരീത് അംജിത്ത് എന്നിവർ പ്രസംഗിച്ചു.