- ഷാനു പൗലോസ്
കോതമംഗലം: ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം പാലമറ്റം സ്വദേശി എം.കെ സജീവിന് ജന്മനാടിൻ്റെ അഭിനന്ദന പ്രവാഹം. പട്ടാപ്പകൽ ബാങ്കിലെത്തിയ പ്രതി കത്തി ചൂണ്ടി മിനിറ്റുകൾക്കുള്ളിലായിരുന്നു മോഷണം നടത്തിയത്. ക്യാഷ് ട്രേയിലുണ്ടായിരുന്ന 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത് എന്നതുൾപ്പെടെ കേസിൽ പലവിധ ദുരൂഹതകൾ നിലനിന്നിരുന്നു. ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണം വഴി മുട്ടുന്ന സാഹചര്യത്തിലും ഒരു തെളിവു പോലുമില്ലാതിരുന്നിടത്ത് നിന്ന് പോലീസിൻ്റെ പഴുതടച്ച സമർത്ഥമായ അന്വേഷണമാണ് മൂന്നാം ദിനം പ്രതിയെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചത്. മോഷ്ടിച്ച തുകയിൽ പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്നാണ് പ്രതിയുടെ മൊഴി.
പെരുമ്പാവൂർ കുറുപ്പംപടി സി.ഐയായിരുന്ന എം.കെ സജീവിനെ ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചാലക്കുടിയിലേക്ക് മാറ്റിയത് മുൻപ് കണ്ണൂർ പാനൂർ, കോഴിക്കോട് നല്ലളം, ചാവക്കാട്, മണ്ണാർക്കാട്, കാട്ടൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സി.ഐയായി ചുമതല നിർവ്വഹിച്ചിട്ടുണ്ട്. കണ്ണൂർ ചൊക്ലി ഷീജ വധകേസിലെ പ്രതിയെ കൊല നടത്തി മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തത് സജീവ് പാനൂർ സി.ഐ ആയിരിക്കുമ്പോഴാണ്. മണ്ണാർക്കാട് മുഹമ്മദലി വധ കേസിൽ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തതും, കുമാരൻ കൊലക്കേസ് തെളിയിച്ചതും സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു.
