കോതമംഗലം: കാട്ടുതീ പ്രതിരോധത്തിന് നേര്യമംഗലത്ത് വനം വകുപ്പ് നടപടി തുടങ്ങി. പത്ത് കിലോമീറ്റർ ദൂരത്തിൽ ഫയർ ബെൽറ്റ് നിർമാണം ആരംഭിച്ചു. നേര്യമംഗലം, തലക്കോട് വനമേഖലകളിൽ മുൻവർഷങ്ങളിൽ കാട്ടുതീ പടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിൻ്റെ വശങ്ങളിലാണ് വനമുള്ളത്. മനുഷ്യ ഇടപെടലുകൾ കൂടുതലായി ഉള്ളതുകൊണ്ട് പല കാരണങ്ങളാൽ ഇവിടെ തീ പടരാൻ സാധ്യതയേറെയാണ്.
റോഡിനോട് ചേർന്നു കിടക്കുന്ന ഭാഗത്തെ കരിയിലകളും ഉണക്കപ്പുല്ലുകളും കത്തിച്ച് 5 മീറ്റർ വീതിയിലാണ് ഫയർ ലൈൻ നിർമിക്കുന്നത്. തീ കണ്ടാൽ ഉടനെ കൺട്രോൾ റൂമിൽ അറിയിക്കണമെന്നും സിഗരറ്റ് കുറ്റി ഉൾപ്പെടെയുള്ള തീപിടുത്തത്തിന് കാരണമാകുന്ന വസ്തുക്കൾ യാത്രികർ വലിച്ചെറിയരുതെന്നും നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ G G സന്തോഷ് അഭ്യർത്ഥിച്ചു.