Connect with us

Hi, what are you looking for?

AUTOMOBILE

വൈദ്യുത വാഹന രംഗത്ത് നേട്ടം കൈവരിച്ച് കോതമംഗലം നെല്ലിമറ്റം എംബിറ്റ്സ് എൻജിനീറിങ് കോളജ്

കോതമംഗലം : വൈദ്യത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള രണ്ട് കണ്ടുപിടുത്തങ്ങളുമായി കോതമംഗലം എംബിറ്റ്സ് എൻജിനീറിങ് കോളജ്. ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാറും, വാഹനത്തിൽ നിന്നും ഇലക്ട്രിക്ക് പവർ ലൈനിലേക്ക് വൈദ്യുതി കൊടുക്കാൻ കഴിയുന്ന വെഹിക്കിൾ ടു ഗ്രിഡ് സംവിധാനം ഉള്ള കാറുമാണ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീറിങ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾ രീപകൽപ്പന ചെയ്ത ഈ വാഹനം പുനെയിൽ നടന്ന കെ.പി.ഐ.റ്റി രാജ്യാന്തര മത്സരത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 5000ൽ അധികം മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും യോഗ്യത നേടിയ ഏക കോളേജ് എംബിറ്റ്സ് ആണ്. രജ്യതന്തര തലത്തിൽ 7 ആം സ്ഥാനം കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. വിദ്യാർഥികളുടെ ഇൗ നൂതന ആശയത്തിന് സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്ത് രണ്ട് കമ്പനികൾ വന്നതും ശ്രദ്ധേയ നേട്ടമാണ്.

പഴയൊരു മാരുതി എസ്ടിം കാറിലാണ് ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന വാഹനം സജ്ജമാക്കിയിരിക്കുന്നത്. കാറിന്റെ എൻജിൻ ഭാഗം മാറ്റി പകരം 10 kW ശേഷിയുള്ള ബി എൽ ഡി സി മോട്ടോർ വച്ചാണ് റെട്രോഫിറ്റഡ് ഇലക്ട്രിക്ക് കാർ തയ്യാറാക്കിയിരിക്കുന്നത്. ശബ്ദം കൊണ്ടോ മൊബൈൽ ഫോൺ ഉപയോഗിച്ചോ ഈ വാഹനത്തെ നൂറു മീറ്ററിനുള്ളിൽ നിന്നും നിയന്ത്രിക്കാൻ കഴിയുന്നതാണ്. പഴയ വാഹനത്തിന്റെ ഗിയർ ബോക്സ് അതേപടി നിലനിറുത്തിയിരിക്കുന്നതിനാൽ സാധാരണ ഇലക്ട്രിക്ക് വാഹനങ്ങൾ നൽകുന്നതിലും കൂടുതൽ പവർ ഈ വാഹനം നൽകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. 4 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ വാഹനം ഒറ്റ ചാർജിങ്ങിൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിവുള്ളതാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ ഈ വാഹനം ഓടുന്നതാണ്. പഴയ വാഹനങ്ങളിൽ ഇത്തരം സംവിധാനം ചെയ്യുക ആണെങ്കിൽ ഉയർന്ന പെട്രോൾ വിലയിൽനിന്നും മുക്തി നേടുന്നതിനും കിലോമീറ്ററിന് ഒരു രൂപയിൽ താഴെ യാത്ര ചെയ്യുന്നതിനും സാധിക്കും.

വെഹിക്കിൾ ടു ഗ്രിഡ്

വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുക അപ്രായോഗികമാണ്. എന്നാൽ ഇതുനുള്ള പരിഹാരമാണ് വിദ്യാർത്ഥികൾ കണ്ടുപിടിച്ചിരിക്കുന്ന വെഹിക്കിൾ ടു ഗ്രിഡ് സംവിധാനമുള്ള കാർ. വാഹനത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിലൂടെയാണ് ഈ വാഹനം ചാർജ് ചെയ്യുന്നത്. ഓടുന്നതിനിടയിലും പാർക്ക് ചെയ്തിരിക്കുന്നതിന് ഇടയിലും ഈ വാഹനം ചാർജ് ചെയ്യപ്പെടുന്നതിനാൽ മറ്റ് ചാർജിങ് സംവിധാനം ഇല്ലാതെ ഇത്തരം കാറുകൾ ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ഈ വാഹനത്തിൽനിന്നും വൈദ്യുതി പ്രസരണ ലൈനുകളിലേക്ക് വൈദുതി നൽകാൻ കഴിയുന്നതാണ്. അതിനാൽ പ്രളയം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ വൈദ്യുതി നൽകാൻ ഇവക്ക് കഴിയും. പൂർണ്ണമായും സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ ഈ വാഹങ്ങൾ പ്രവർത്തിക്കുന്നതിന് മറ്റ് ചിലവുകൾ ഒന്നും തന്നെ ഇല്ലായെന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നു.

അധ്യാപകരായ അരുൺ എൽദോ ഏലിയാസ്, ബേസിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അഫ്സൽ ഇബ്രാഹിം, ജിറ്റോ എൽദോസ്, അലക്സ് പോൾ, ജിബിൻ ബേബി, അമൽ എലിയാസ്, സ്റ്റെബിൻ എൻ.ടി, ജേക്കബ് രാജു, വർഗീസ് സാബു, ആൽബിൻ തങ്കച്ചൻ, ഗണേഷ് ശ്രീധർ എന്നിവരാണ് ഈ കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ.

You May Also Like