കോതമംഗലം: നവകേരള സദസ് വേദിയിൽ കൊക്ലിയർ ഇമ്പ്ലാന്റേഷന് ചികിത്സ സഹായം തേടിയെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഇടപെടൽ. പല്ലാരിമംഗലം പാത്തിക്കപ്പാറയിൽ വീട്ടിൽ പി.എം ഷിജുവിന്റെയും ഹഫ്സ ഷിജുവിന്റെയും മകനായ ഇസാൻ ഷിജുവിന് ജന്മനാൽ കേൾവി പ്രശ്നമുണ്ട്.
നിലവിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടിയുടെ കേൾവി പ്രശ്നം പരിഹരിക്കാൻ മതാപിതാക്കൾ ഏറെ നാളായി ശ്രമിക്കുന്നു. കൊക്ലിയർ ഇമ്പ്ലാന്റേഷൻ നടത്തിയാൽ പ്രശ്നം പരിഹരിക്കാനാവുമെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. എന്നാൽ അതിനുള്ള സാമ്പത്തികം കുടുംബത്തിനില്ല. ഈ വിഷയം ഉന്നയിച്ചാണ് നവ കേരള സദസ് വേദിയിൽ ഇവർ എത്തിയത്.
ആന്റണി ജോണി എം.എൽ.എയുടെ നേതൃത്വത്തിൽ ഇസാനും കുടുംബവും മന്ത്രിയെ നേരിൽകണ്ട് ബുദ്ധിമുട്ട് അറിയിച്ചു. തുടർന്ന് ഡോ. നൗഷാദ് ഇ.എൻ.ടി ആശുപത്രിയിൽ ചികിത്സയ്ക്കാവശ്യമായ വേണ്ട ക്രമീകരണങ്ങൾ നടത്താൻ മന്ത്രി ഇടപെടുകയായിരുന്നു.