കോതമംഗലം : മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ശക്തമായി രംഗത്തിറങ്ങുന്നു.എത്ര നിയന്ത്രിച്ചാലും നമ്മുടെ വീട്ടിൽ കുന്നു കൂടുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലാക്കി ഇക്കോബ്രിക്ക് നിർമ്മിച്ചാണ് കുട്ടികൾ ശ്രദ്ധ നേടുന്നത്.ഒരു ലിറ്റർ കുപ്പിയിൽ 350gm പ്ലാസ്റ്റിക് നിറച്ചുണ്ടാക്കുന്ന ഇക്കോ ബ്രിക് ചുറ്റുമതിൽ,ഇരിപ്പിടം എന്നിവ നിർമ്മിക്കാനും പൂന്തോട്ടം മോടി പിടിപ്പിക്കാനും ഉപയോഗിക്കുന്നു.
സ്കൂളിൽ കായ്ച്ചു തുടങ്ങിയ 2 മാവിന് ചുറ്റുമതിൽ ഇതിനോടകം കുട്ടികൾ തീർത്തു.ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ ശേഖരിച്ച് ഹാങ്ങിങ് ഡെക്കർ,പെൻ സ്റ്റാൻഡ്,ഫ്ലവർ വേസ് എന്നിങ്ങനെ വിവിധ രീതിയിൽ പ്രയോജനപ്പെടുത്തുന്നു.കുട്ടികളുടെ കാലിക പ്രസക്തിയുള്ള പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകാൻ ആന്റണി ജോൺ എം എൽ എ സ്കൂളിൽ എത്തി.കുട്ടികളുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുകയും പ്രകൃതി സംരക്ഷണത്തിനുതകുന്ന പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃക ആകുന്ന കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,വാർഡ് കൗൺസിലർ റിൻസ് റോയ് എന്നിവരും സന്നിഹിതരായിരുന്നു.