കോതമംഗലം: 2019 – 2020 ലെ എം ജി യൂണിവേഴ്സിറ്റി കായിക മത്സരങ്ങളിൽ 349 പോയിൻറ് നേടിക്കൊണ്ട് സർവകലാശാലയിലെ മികച്ച സ്പോർട്സ് പെർഫോമിംഗ് അവാർഡ് മനോരമ ട്രോഫി കരസ്ഥമാക്കിക്കൊണ്ട് മാർ അത്തനേഷ്യസ് കോളേജ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആറ് ഇന്റർകോളേജിയേറ്റ് ഇനങ്ങളിൽ ചാമ്പ്യന്മാരും ഓൾഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിലും ഖേലോ ഇന്ത്യ നാഷണൽ ചാംപ്യൻഷിപ്പുകളിലുമായി അത്ലറ്റിക്സ്, സ്വിമ്മിങ്,വോളീബോൾ,എന്നീ ഇനങ്ങളിൽ നിന്നു 26 ദേശീയ മെഡലുകളാണ് ഖേലോ ഇന്ത്യ സെന്ററും, സ്പോർട്സ് കൗൺസിൽ സെന്ററും കൂടിയായ എം. എ. കോളേജ് കരസ്ഥമാക്കിയത്. കോളേജിന്റെ ഈ കായിക മികവിൽ കോളേജ് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹായ സഹകരണവും എടുത്തു പറയേണ്ടതാണ്.
മികച്ച കായിക അധ്യാപകനുള്ള കേരള സംസ്ഥാന സർക്കാറിൻ്റെ ജി വി രാജ അവാർഡ് നേടിയ കോളേജിലെ സീനിയർ കായിക അദ്ധ്യാപകൻ Dr. മാത്യൂസ് ജേക്കബ്ബിന്റെ അക്ഷീണ പ്രയത്നവും ഈ വിജയത്തിന്റെ പിന്നിലെ വലിയ ചാലകശക്തി ആണെന്നുള്ളതും മറച്ചുവെക്കാനാകാത്ത കാര്യമാണ്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന 4 (അത്ലറ്റിക്സ്, സ്വിമ്മിങ്, വോളീബോൾ, ഫുട്ബോൾ ) സെന്ററുകളും രണ്ട് സ്പോർട്സ് കൗൺസിൽ പരിശീലകരും ഈ നേട്ടത്തെ നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനോടുള്ള മാർ അത്തനേഷ്യസ് കോളേജിന്റെ പ്രത്യേകമായ നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു .
പ്രഗത്ഭരായ എട്ടോളം കായിക പരിശീലകരടങ്ങുന്ന ഒരു സംഘമാണ് ഈ വിജയത്തിന്റെ അണിയറയിൽ എടുത്തു പറയേണ്ട മറ്റൊരു ശക്തി, വിവിധ ഇനങ്ങളിലായി പരിശീലിപ്പിക്കുന്ന പ്രഗത്ഭരായ അഞ്ചു പരിശീലകരാണ് അത്ലറ്റിക്സിൽ കളത്തിലുള്ളത് പി ഐ ബാബു (Ret.മുൻ കായിക വിഭാഗം മേധാവി) പി പി പോൾ (സ്പോർട്സ് കൗൺസിൽ കോച്ച് ),Dr ജോർജ് ഇമ്മാനുവേൽ (Ret.സ്പോർട്സ് കൗൺസിൽ കോച്ച് ), T P ഔസേഫ് (മുൻ സ്പോർട്സ് കൗൺസിൽ പരിശീലകനും മുൻ കോളേജ് പരിശീലകൻ), അഖിൽ , എം എ ജോർജ് (SAI കോച്ച് ) വോളിബോൾ – Dr. മാത്യൂസ് ജേക്കബ് , സ്വിമ്മിങ് – വേണുഗോപാലൻ നായർ ബി (സ്പോർട്സ് കൗൺസിൽ കോച്ച് ) ഫുട്ബോൾ – ഹാരി ബെന്നി എന്നിവരാന് കോളേജിന്റെ പരിശീലകനായി കളത്തിലുള്ളത്.
കേരള സ്പോട്സ് കൗൺസിൽ പരിശീലകൻ വേണു ഗോപാലൻ നായർ പരിശീലിപ്പിക്കുന്ന സ്വിമ്മിങ് ,വാട്ടർപോളോ ഇനങ്ങളിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ – ഇരുപത്തിമൂന്നോളം താരങ്ങളാണ് എം എ കോളേജിൽനിന്നും സർവകലാശാല ടീമിൽ ഇടംനേടുകയും കൂടാതെ അഞ്ചു ദേശീയ മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു. അത്ലറ്റിക്സിലും ക്രോസ്സ് കൺട്രി ചാംപ്യൻഷിപ്പിലുമായി മുപ്പതു താരങ്ങൾ എം എ കോളേജിൽനിന്നും സർവകലാശാല ടീമിൽ ഇടം നേടുകയും പതിനെട്ട് ദേശീയ മെഡലുകൾ സർവ്വകലാശാലയ്ക്കായി നേടുകയും ചെയ്തു.
വോളീബോളിൽ സർവകലാശാല ചാമ്പ്യന്മാരായ കോളേജ് ടീമിൽ നിന്നും 3 താരങ്ങൾ ഓൾ ഇന്ത്യ ഇന്റർ യൂണിവേറിസ്റ്റി മത്സരത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ സർവകലാശാല ടീമിലെ അംഗങ്ങൾ ആയിരുന്നു. ഫുട്ബോളിൽ മഹാത്മാ ഗാന്ധി സർവകലാശാല ടീമിൽ 3പേരാണ് ഇടം നേടിയത് . കഴിഞ്ഞ നാലുവർഷ കാലയളവിൽ കോളേജിൽ നിന്നും അഞ്ച് താരങ്ങൾ കേരള സന്തോഷ്ട്രോഫി ടീമിൽ ഇടം നേടുകയും ചെയ്തു എന്നത് വലിയ നേട്ടം തന്നെയാണ്.