കോതമംഗലം : കാല്പന്തുകളിയിൽ രാജ്യത്തെ മികച്ച സർവ്വകലാശാല ടീമിനെ കണ്ടെത്തുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ഫൈനൽ മത്സരത്തിൽ എതിരില്ലാതെ 2 ഗോളിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ജലന്ദർ സന്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റിയെ തോൽപിച്ചു. 11 ആം തവണയാണ് കാലിക്കറ്റ് അഖിലേന്ത്യ ചാമ്പ്യൻമാരാകുന്നത്. ഏറ്റവും ഒടുവിൽ 2018ലാണ് കാലിക്കറ്റ് ജയിക്കുന്നത്. ഏറ്റവും കൂടുതൽ തവണ അഖിലേന്ത്യ ചാമ്പ്യൻമാരാകുന്ന യൂണിവേഴ്സിറ്റി കൂടിയാണ് കാലിക്കറ്റ്. സതീവൻ ബാലൻ എന്ന പരിശീലകന്റെ നേതൃത്വത്തിൽ 4 തവണയാണ് കാലിക്കറ്റ് ജേതാക്കളകുന്നത്. 2018ൽ കേരളം സന്തോഷ് ട്രോഫി ജേതാക്കൾ ആകുമ്പോൾ സതീവൻ ബാലൻ ആയിരുന്നു കോച്ച്. 10 വർഷം ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകൻ കൂടിയാണ് സതീവൻ.
കാലിക്കറ്റിനു വേണ്ടി 18 ആം മിനിറ്റിൽ നിസാമുദീൻ യു. കെ (17)യും,22 ആം മിനിറ്റിൽ മുഹമ്മദ് ഷഫ്‌നീദും(7)ഓരോ ഗോൾ അടിച്ചു.അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യന്മാരെ കണ്ടെത്താനുള്ള അവസാന മത്സരത്തിൽ കേരളത്തിൻ്റെ മുഴുവൻ പ്രതീക്ഷയുമായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയത്.
രാവിലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ എം. ജി യൂണിവേഴ്സിറ്റി യെ എതിരില്ലാതെ 1 ഗോളിന് തോൽപിച്ചാണ് കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചത്. പഞ്ചാബി യൂണിവേഴ്സിറ്റി യെ എതിരില്ലാതെ ഒരു ഗോളിന് തോൽപ്പിച്ചാണ് സന്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റി ഫൈനലിൽ എത്തിയത്.അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ മത്സരത്തിൽ എം. ജി. സർവകലാശാല ഉൾപ്പെടെ രാജ്യത്തെ 16 യൂണിവേഴ്സിറ്റി ടീമുകൾ ആണ് മത്സരത്തിനുണ്ടായത്. ഇതിൽ ദക്ഷിണ മേഖല ചാമ്പ്യൻമാരായിരുന്നു എം. ജി.
ബെസ്റ്റ് സ്ട്രൈക്കർ : മിഷാൾ പി. കെ. (കാലിക്കറ്റ് )
ബെസ്റ്റ് മിഡ് ഫീൽഡർ : നിതിൻ വിത്സൺ (എം. ജി )
ബെസ്റ്റ് ഡിഫെൻഡർ : അജയ് അലക്സ് (എം. ജി )
ബെസ്റ്റ് ഗോൾ കീപ്പർ : സുഹൈൽ പി. കെ (കാലിക്കറ്റ് )