കോതമംഗലം : കോട്ടപ്പടി മഠത്തുംപടിയിലുള്ള ഒരു കൂട്ടം യുവാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിച്ചു. രണ്ട് വർഷക്കാലമായി നിരവധി പരാതികൾ അധികാരികളെ അറിയിച്ചെങ്കിലും തുടർനടപടികൾ ആകാത്തതിനെത്തുടർന്നാണ് നാട്ടുകാരുടെ സാമ്പത്തിക സഹായത്തോടുകൂടി പരിസരവാസികൾ മുൻകൈയെടുത്ത് പുതിയ വഴിവിളക്കുകകൾ സ്ഥാപിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന റോഡ് ആയ ചേറങ്ങനാൽ മുതൽ മഠത്തുംപടി വരെയുള്ള അരക്കിലോമീറ്റർ ദൂരത്തെ തെരുവ് വിളക്കുകൾ കേടായത് മൂലം, രാത്രിയിൽ കാല്നടക്കാർക്കും സൈക്കിളിൽ സഞ്ചരിക്കുന്നവരും ഭീതിയോടുകൂടിയാണ് കടന്ന്പോയിരുന്നത്. തെരുവ് നായ്ക്കളുടെ ശല്യമുള്ള പ്രദേശം കൂടിയാണ് ഇവിടം. പരിസരവാസികൾ വർഷങ്ങളായി വഴിവിളക്കുകളുടെ പ്രാധാന്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നങ്കിലും അവഗണിക്കുകയായിരുന്നു. നിരവധി വാഹന അപകടങ്ങൾ നടക്കുകയും ഒരു യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു ഈ വഴിയിൽ. കോട്ടപ്പടി പഞ്ചായത്ത് അധികാരികളുടെ അവഗണയിലുള്ള പ്രതിക്ഷേധമായാണ് ആധുനീക രീതിയിലുള്ള വഴിവിളക്കുകൾ സ്ഥാപിക്കൽ എന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു.
