കോതമംഗലം : കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് കോട്ടപ്പടിയിലെ പോർച്ചുഗൽ ആരാധകർ. റൊണാൾഡോയുടെ ഏറ്റവും വലിയ കട്ടൗട്ടർ എന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ ഒരുപറ്റം പോർച്ചുഗൽ ആരാധകരായ ചെറുപ്പക്കാരാണ് സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ വന്നിരിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുടെയും കളിക്കാരുടെയും ഫാൻസുകാർ കൊടിതോരണങ്ങളും ഫ്ളക്‌സുകളുമാണ് പോരാട്ട വീര്യത്തോടെ പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.
ഒരാഴ്ചയോളം നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമായാണ് പോർച്ചുഗൽ ഫാൻസുകാർക്ക് 80 അടിയോളം ഉയരമുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കാനായത്. ക്രയിൻ ഉപയോഗിച്ചാണ് കട്ടൗട്ട് സ്ഥാപിച്ചത്. കൃഷിയിടത്തിലെ തെങ്ങിനേക്കാൾ ഉയരത്തിലാണ് കട്ടൗട്ട് നിലകൊള്ളുന്നത്. ഫുട്ബോളിനെ ജീവശ്വാസത്തെക്കാൾ വലുതായി സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരാണ് കോട്ടപ്പടി തുരങ്കം കവലയിൽ ലോകകപ്പിന്റെ ആവശമുൾക്കൊണ്ടുകൊണ്ട് തങ്ങളുടെ ടീമിന്റെ വിജയം ആശംസിച്ചുകൊണ്ട് നാട്ടുവഴികൾ പോലും ഫുട്ബോൾ ആവേശത്തിൽ നിറക്കുന്നത്.
പോർച്ചുഗൽ ആരാധകരോട് കിടപിടിക്കുന്ന രീതിയിൽ ഹോളണ്ടിന്റെയും അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ അവരവരുടെ ടീമുകളുടെ വലിയ പോസ്റ്ററുകളാണ്കോട്ടപ്പടി പാനിപ്രയുടെ വഴിയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ഹത്തറിൽ ലോകകപ്പ് തുടങ്ങുമ്പോൾ തുരങ്കം കവലയിലും, കോട്ടപ്പടി ചേറങ്ങനാൽ കവലയിലും വലിയ സ്ക്രീൻ ഒരുക്കി കളികാണുവാനുള്ള ഒരുക്കത്തിലാണ് ഫുട്ബോൾ ആരാധകരെന്ന് കോതമംഗലം ഫുട്ബോൾ ക്ലബ് സെക്രട്ടറിയും കോട്ടപ്പടി ഫുട്ബോൾ അക്കാദമി കോച്ചുമായ ബോബി തറയിൽ വെളിപ്പെടുത്തി.