- കെ.എ. സൈനുദ്ദീൻ
കോതമംഗലം : പ്രതിബദ്ധതയോടെ ജോലി ചെയ്യേണ്ട മേഖലയാണ് അദ്ധ്യാപക ജോലിയെന്ന് ഒരു സർക്കാർ സ്കൂളിൽ തന്നെ 30 വർഷക്കാലം അദ്ധ്യാപക
ജോലിയിലിരുന്ന പി. അലിയാർ മാഷ് പറഞ്ഞു. കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി പഞ്ചായത്തിൽ ഇളങ്ങവം ഗവൺമെന്റ് എൽ പി സ്കൂളിലാണ് അലിയാർ മാഷ് 30 വർഷക്കാലം സേവനം ചെയ്തത്. 1992 ജൂൺ 6 നാണ് ഇളങ്ങവം സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായത്. 2022 മെയ് 31 ന് വിരമിക്കും വരെ ഇതേ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഇതിൽ 16 വർഷം അദ്ധ്യാപകനായും 14 വർഷം ഹെഡ് മാസ്റ്ററായും പ്രവർത്തിച്ചു. 1985 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു വെങ്കിലും ശരിക്കും ജീവിതം സമർപ്പിച്ചത് ഇളങ്ങവം സ്കൂളിനു വേണ്ടിയായിരുന്നു.
ഒരു ഗ്രാമത്തിലെ ഒരു സാധാരണ സർക്കാർ എൽ പി സ്കൂളിനെ ആധുനിക സജ്ജീകരണങ്ങളുള്ള സ്കൂൾ ആക്കി മാറ്റാൻ തന്റെ 30 വർഷക്കാലത്തെ ഓരോ ദിനങ്ങളും സമർപ്പിച്ചു. സഹ അദ്ധ്യാപകരെയും പി ടി എ അംഗങ്ങളെയും വിദ്യാർത്ഥികളെയും ഒരുമിപ്പിച്ച് നിർത്താൻ ഭാഗ്യവും അലി മാഷിനു തുണയായി .
പഠനത്തിലും കലാ – കായിക രംഗത്തും എൽ കെ ജി മുതൽ നാലാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ നയിക്കാൻ അലിയാർ മാഷ് തന്റേതായ ശൈലികൾ ഫലത്തിൽ വരുത്തി.
രാപകൽ നീളുന്ന സ്കൂൾ വാർഷികാഘോഷങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി.
വിദ്യാർത്ഥികളും അദ്ധ്യാപകരും പി റ്റി എ അംഗങ്ങളും നാട്ടുകാരും കഥാപാത്രങ്ങളായ 12 ടെലിഫിലിമുകൾ സ്കൂളിലെ ഓരോ വാർഷികാഘോഷ ദിനങ്ങളിൽ പ്രദർശിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ കെ എസ് സന്തോഷ് കുമാറാണ് ടെലി ഫിലിമുകളുടെ ചിത്രീകരണത്തിനും പ്രദർശനത്തിനും ചുക്കാൻ പിടിച്ചത്. വിദ്യാർത്ഥികൾക്കും സമൂഹത്തിനും മാതൃക പരമായ സന്ദേശം നൽകുന്ന പ്രമേയങ്ങളാണ് കഥക്കായി തെരഞ്ഞെടുത്തത്. ടെലി ഫിലിമുകളുടെ പ്രദർശനത്തിന് സാക്ഷിയാകാൻ നാട് ഒന്നാകെ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി. സ്കൂൾ അങ്കണത്തിൽ കരനെൽ കൃഷിയും പച്ചക്കറി കൃഷിയും ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ച സർക്കാർ സ്കൂൾ അലിയാർ മാഷിന്റെ ഇളങ്ങവം സ്കൂളാണ്.
നിരവധി പരിശീലന ക്ലാസുകളും വ്യത്യസ്തങ്ങളായ മോട്ടിവേഷൻ ക്ലാസുകളും പ്രഗൽഭരെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾക്കായി നടത്തി.
ഒരു മനുഷ്യൻ ജീവിത വിജയത്തിലെത്താൻ തുടക്കമിടുന്നത് തന്റെ എൽ പി സ്കൂൾ വിദ്യാഭ്യാസ ആരംഭത്തിലാണെന്നും മാതൃക പരമായ വിദ്യാഭ്യാസം നൽകാൻ എൽ പി സ്കൂൾ അദ്ധ്യാപകർക്ക് ബാധ്യതയുണ്ടെന്നും അലിയാർ മാഷ് പറയുന്നു. തന്റെ കടമ നിറവേറ്റിയെന്ന സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതെന്ന് വാരപ്പെട്ടി മൈലൂർ പാലിയത്ത് പി അലിയാർ മാഷ് പറഞ്ഞു.
മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായി കഴിയുബോഴും തന്റെ ജീവിതം ഇളങ്ങവം സർക്കാർ എൽ പി സ്കൂളിലാണ് സിംഹഭാഗവും മാഷ് ജീവിച്ചത്.
30 വർഷത്തിനിടയിൽ തന്റെ കൺമുന്നിലൂടെ സ്കൂളിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളിൽ പ്രശസ്തരും സാധാരണക്കാരുമടങ്ങുന്നവരുടെ നീണ്ട നിര തന്നെയുണ്ട്. സ്കൂൾ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ടും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ക്ഷേമാന്വേഷണങ്ങളിൽ പങ്കാളിയായി വിശ്രമ ജീവിതവും ഇളങ്ങവം സ്കൂളിനായി സമർപ്പിച്ച് അവരിലൊരാളായി അലിയാർ മാഷ് ജീവിക്കുന്നു.
പടം: ഇളങ്ങവം ഗവൺമെന്റ് എൽ പി സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന പി അലിയാർ വിദ്യാർത്ഥികളോടൊപ്പം