കോതമംഗലം : എറണാകുളം ജില്ലയില്‍ ഇക്കുറി പട്ടയമേള നടക്കുമ്പോള്‍ കോതമംഗലത്തെ ഒരുകൂട്ടം കര്‍ഷകര്‍ക്ക് അത് ഇരട്ടി സന്തോഷമാണു നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ച നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കൃഷി ഭൂമിക്ക് മുന്നൂറിനടുത്ത് പട്ടയങ്ങളാണ് കോതമംഗലം താലൂക്കില്‍ വിതരണം ചെയ്യുന്നത്. കര്‍ഷകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണു ഫലമുണ്ടാകുന്നത്.
സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണു നടപടി. കാര്‍ഷിക ആവശ്യത്തിനുള്ള പട്ടയത്തിനു പുറമേ പാര്‍പ്പിട ആവശ്യത്തിനുള്ള ഇരുന്നൂറോളം പട്ടയങ്ങളും കോതമംഗലത്തെ അര്‍ഹരായവര്‍ക്കു ലഭിക്കും. അങ്ങനെ അഞ്ഞൂറില്‍പ്പരം പട്ടയങ്ങളാണു താലൂക്കില്‍ ആകെ വിതരണം ചെയ്യുക.
എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടയം അനുവദിക്കുന്നത് കോതമംഗലം താലൂക്കിലാണ്. താലൂക്കിലെ മലയോരപ്രദേശമായ കുട്ടമ്പുഴ വില്ലേജിലുള്‍പ്പെടെ 14 വില്ലേജുകളിലെയും ഗുണഭോക്താക്കള്‍ക്കാണു പട്ടയം അനുവദിക്കുന്നത്. വില്ലേജ്തലത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുന്നത് കുട്ടമ്പുഴയിലാണ്, 250 പട്ടയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തില്‍ താലൂക്ക് കേന്ദ്രീകരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. കോതമംഗലം തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘമാണു താലൂക്കിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
പതിറ്റാണ്ടുകളായി കൃഷി ചെയ്തും താമസിച്ചുംവന്ന മണ്ണ്, പക്ഷേ അത് തങ്ങളുടേതെന്ന് ഉറപ്പിക്കാന്‍ ഒരു ആധികാരിക രേഖയുടെയും പിന്‍ബലമില്ല. ഇങ്ങനെ അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞുവന്നിരുന്ന കുടുംബങ്ങള്‍ക്കാണ് പട്ടയമേള വഴി ആശ്വാസം എത്തുന്നത്. പട്ടയം ലഭിക്കുന്നത് വഴി ബാങ്ക് വായ്പയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാകും. ഒപ്പം ഭൂമി സംബന്ധമായ മറ്റാനുകൂല്യങ്ങളും ലഭിക്കും. അര്‍ഹതയുള്ള എല്ലാവര്ക്കും പട്ടയം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
