Connect with us

Hi, what are you looking for?

EDITORS CHOICE

ചെറിയ പള്ളി കോമ്പൗണ്ടിൽ മുസ്ലീം വിശ്വാസികൾ നിസ്ക്കാരം നടത്തിയതിനെതിരെ റമ്പാൻ തോമസ് പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി.

കോതമംഗലം: യാക്കോബായ സഭയുടെ പൂർണ്ണ നിയന്ത്രണത്തിലിരിക്കുന്ന ചരിത്ര പ്രസിദ്ധമായ കോതമംഗലം മാർതോമ ചെറിയ പള്ളിയുടെ കോമ്പൗണ്ടിൽ മുസ്ലിം സമുദായ നേതാക്കൻമാരുടെ നേതൃത്വത്തിൽ മഗ് രിബ് നിസ്ക്കാരം നടത്തിയതിനെതിരെയാണ് മാർതോമ പള്ളിയിൽ പ്രവേശിക്കുവാൻ കോടതിയിൽ നിന്ന് ഉത്തരവ് നേടിയ മലങ്കര ഓർത്തഡോക്സ് വൈദീകനായ കോതമംഗലം കുത്തുകുഴി മാറാച്ചേരി വീട്ടിൽ തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകിയത്.

കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്റതായും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരത്തിന് അനുമതി നൽകിയവർക്കെതിരെയും, മതസൗഹാർദത്തിന്റെ മറവിൽ നിയമത്തെ വെല്ലുവിളിച്ചവർക്കെതിരെയും കർശന നിയമ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ പരാതിയിൽ നടപടികളുമായി മുമ്പോട്ട് പോയാൽ ക്രിസ്ത്യൻ പള്ളി മുറ്റത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയ മുസ്ലീം സമുദായത്തിൻ്റെ മത നേതാവ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അടക്കം നിരവധി പേർ കേസിൽ പ്രതിയായേക്കാം.

എല്ലാ മതവിഭാഗവും കോതമംഗലം മുത്തപ്പനായി ആദരിക്കുന്ന യൽദോ മോർ ബസേലിയോസ് ബാവ കബറടങ്ങിയ മാർ തോമ ചെറിയ പള്ളിയുടെ കൽക്കുരിശിന് മുന്നിലായിരുന്നു കോതമംഗലത്തിൻ്റെ മതേതരത്വം വിളിച്ചോതി കൊണ്ട് കഴിഞ്ഞ വർഷം ഡിസംബർ മാസം മുസ്ലീം മത വിഭാഗത്തിൻ്റെ നിസ്ക്കാരം നടന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർത്ത സുവർണ്ണ സന്ധ്യയാണിതെന്നും, ഒരു ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ മുസ്ലീം മത വിശ്വാസികൾക്ക് നിസ്‌കാരത്തിന് സ്ഥലം അനുവദിച്ചതും, ബാങ്ക് വിളിച്ചതും രാജ്യത്തുതന്നെ ഒരുപക്ഷേ ആദ്യ സംഭവമായിരിക്കുമെന്ന് ഇതര മതസ്ഥരടക്കം ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി അന്ന് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ൾ പറഞ്ഞപ്പോൾ കൈയ്യടികളോടെയാണ് ആ വാക്കുകളെ പൊതുസമൂഹം സ്വീകരിച്ചത്. ഇക്കാര്യം കേരള നിയമ സഭയിൽ ഡോ.എം.കെ മുനീർ എം.എൽ.എയും പ്രസ്താവിച്ചിരുന്നു.

കോതമംഗലത്തിൻ്റെ മതസാഹോദര്യത്തിൻ്റെ ഏറ്റവും വലിയ തെളിവായിരുന്നു മാർതോമ ചെറിയ പള്ളിയുടെ കോമ്പൗണ്ടിൽ മുസ്ലീം വിശ്വാസികൾക്ക് മഗ് രിബ് നമസ്ക്കാരത്തിന് സൗകര്യം ഒരുക്കിയത്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എൽ.എ ആൻറണി ജോൺ കോതമംഗലം വാർത്തയോട് പറഞ്ഞു. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് കന്നി പെരുന്നാൾ പ്രദക്ഷിണത്തിൽ ഹൈന്ദവ യുവാവ് വിളക്കേന്തുന്നതെന്നും എം.എൽ.എ കൂട്ടി ചേർത്തു.

https://www.facebook.com/kothamangalamvartha/videos/574411903105082/

 

മാർ തോമ ചെറിയ പള്ളി മതേതരത്വത്തിൻ്റെ ആണിക്കല്ലാണെന്നും, കോതമംഗലം മുത്തപ്പൻ്റെ കബറിടത്തിൽ പ്രാർത്ഥനക്കെത്തുന്നവർ ജാതിയോ മതമോ നോക്കാറില്ലെന്നും, നൂറ്റാണ്ടുകളായി യാക്കോബായ സഭയുടെ വിശ്വാസാചാരങ്ങൾ പിന്തുടരുന്ന മാർ തോമ ചെറിയ പള്ളിയിൽ കോടതി വിധിയുടെ ബലത്തിൽ കൈയ്യേറി അധികാരം സ്ഥാപിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് കഴിയാത്തതിൻ്റെ വൈരാഗ്യമാണ് ചെറിയ പള്ളിയിൽ നടന്ന മുസ്ലീം സമുദായത്തിൻ്റെ മഗ് രിബ് നിസ്ക്കാരത്തിനെതിരെ പരാതി നൽകിയതെന്നും മതമൈത്രി നേതാക്കളായ കെ.എ നൗഷാദ്, ഷമീർ പനക്കൻ എന്നിവർ കോതമംഗലം വാർത്തയോട് പ്രതികരിച്ചു. മാർ തോമ ചെറിയ പള്ളിയുടെ വിശ്വാസ സംരക്ഷണത്തിന് ജാതി മത ചിന്തകൾ മാറ്റി വച്ച് പൊതു സമൂഹം ഇനിയും ഒറ്റക്കെട്ടായിരിക്കുമെന്നും ഇവർ പറഞ്ഞു.

https://kothamangalamnews.com/brand-new-house-for-sale-kothamangalam-pidavoor-hamlet-homes.html

You May Also Like