കോതമംഗലം: അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി നടത്തിയതിന്റെ പേരിൽ സഹകരണ മന്ത്രിയുടെ ഇന്നവേഷൻ അവാർഡ്, എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ് എന്നീ അവാർഡുകൾ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി വി എൻ വാസവൻ ഇന്നവേഷൻ അവാർഡ് വിതരണം ചെയ്തു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, സിപി ജോൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി എന്നിവർ സംസാരിച്ചു.
എറണാകുളം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി എസ് ശർമ 2019-20, 2020-21 എന്നീ വർഷത്തെ മികച്ച സംഘത്തിനുള്ള അവാർഡുകൾ വിതരണം . കേരള ബാങ്ക് ഡയറക്ടർ അഡ്വക്കേറ്റ് പുഷ്പാ ദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്റ്റർ സജി കർത്ത, വി എൻ ശശി, കെ എ ചാക്കോച്ചൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് എം ജി രാമകൃഷ്ണൻ സെക്രട്ടറി ടി ആർ സുനിൽ എന്നിവരും ഭരണസമിതി അംഗങ്ങളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ മികച്ച സംഘത്തിനുള്ള ദേശീയ പുരസ്കാരവും രണ്ടു മാസങ്ങൾക്കു മുമ്പ് വാരപ്പെട്ടി സഹകരണ ബാങ്കിന് ലഭിച്ചിരുന്നു.