Connect with us

Hi, what are you looking for?

SPORTS

കേരള പ്രീമിയർ ലീഗിൽ കോവളത്തിന്റ വലകുലുക്കി എം. എ. സെമിഫൈനലിലേക്ക്.

കോതമംഗലം :കേരള പ്രീമിയര്‍ ലീഗില്‍ ഏക കോളേജ് ടീമായ കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമി സെമിഫൈനല്‍ സാധ്യത നിലനിറുത്തി.ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് എം.എ.ഫുട്ബോൾ അക്കാദമി സെമി പ്രതീഷ സജീവമാക്കിയത്.എം. എ. ക്കുവേണ്ടി അബിൽ കെ ബി, ജിബിൻ ദേവസ്സി, അഭിജിത് എന്നിവർ ഓരോ ഗോളുകൾ അടിച്ചു.അബിൽ മാൻ ഓഫ് ദി മാച്ച് ആയി. അഞ്ച് കളിയില്‍ മൂന്ന് വിജയവും, ഒരു സമനിലയുമായി പത്ത് പോയിന്‍റ് നേടിയ എം.എ.അക്കാദമി ഇപ്പോള്‍ ഗ്രൂപ്പ് ബി.യില്‍ ഒന്നാംസ്ഥാനത്താണ്.ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ തുടര്‍ന്നുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍കൂടിയാകും എം.എ.യുടെ സെമിപ്രവേശനം.

ഗ്രൂപ്പ് ഘട്ടത്തില്‍ എം.എ.അക്കാദമിക്ക് ഇനി മത്സരങ്ങളില്ല.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമിഫൈനലിക്ക് അവസരം ലഭിക്കുന്നത്.കെ പി എൽ മത്സരത്തിൽ നിന്ന് കോവളം എഫ് സി പുറത്തായി.പ്രൊഫഷണൽ ഫുട്ബോളിൽ കൗമാരക്കാർക്ക് പുത്തൻ പ്രതീക്ഷയാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി. കേരള കായിക ഭൂപടത്തിൽ എന്നും നിറസാന്നിധ്യമായ കോതമംഗലത്തിനു അഭിമാനിക്കാം. കേരള ഫുട്ബോൾ അസോസിയേഷൻ ആഥിത്യമരുളുന്ന ഏഴാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ആദ്യ കോളേജ് ടീം ആയി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മാറിയിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ പ്രൊഫഷണൽ ക്ലബ്ബുകൾ മാത്രം അണിനിരന്ന പ്രൈം ടൂർണമെന്റാണ് കെ.പി.എൽ.

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, കെ.എസ്.ഇ.ബി, കേരള യൂണൈറ്റഡ്, കോവളം എഫ് സി, കേരള പോലീസ്, എഫ് സി കേരള, ഗോൾഡൻ ത്രെഡ്സ്, ലൂക്ക സോക്കർ ക്ലബ്ബ്, സാറ്റ് തീരൂർ, തുടങ്ങിയ പ്രൊഫഷണൽ ക്ലബ്ബുകൾക്കൊപ്പമാണ് യുവതാരങ്ങളെ അണിനിരത്തി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മത്സരത്തിനിറങ്ങി ഇപ്പോൾ സെമി വരെ എത്തി നിൽക്കുന്നത്. 1997 കാലയളവിലാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി രൂപം കൊണ്ടത്. അന്നത്തെ എം. എ കോളേജിലെ കായിക വിഭാഗം മേധാവി ആയിരുന്ന പ്രൊഫസർ പി ഐ ബാബുവിന്റെ ദീർഘവീക്ഷണതോടെയുള്ള സമീപനമാണ് ഇങ്ങനെ ഒരു രജിസ്ട്രേഡ് ഫുട്ബോൾ ക്ലബ്ബ് രൂപം നല്കാൻ കാരണമായതു തന്നെ. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ മുൻ സെക്രട്ടിയായിരുന്ന പ്രൊഫ. എം.പി വറുഗ്ഗീസിന്റെയും ഇപ്പോഴത്തെ സെക്രട്ടറി ഡോ. വിന്നി വറുഗീസിന്റെയും പൂർണ പിന്തുണയും കായിക മേഖലയോടുള്ള താല്പര്യവും ഇത്തരം പ്രവർത്തനങ്ങൾക്ക് എന്നും പ്രേരകശക്തിയായിരുന്നു.

ദീർഘ കാലത്തേ കായിക അധ്യാപക വൃത്തിക്കു ശേഷം മികച്ച കായിക അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കികൊണ്ടു 2014 ൽ എം എ കോളേജിൽ നിന്നും വിരമിച്ച കോതമംഗലത്തിന്റെ കായിക ആചാര്യൻ പി ഐ ബാബുവിന്റെ പിൻഗാമിയായി കോളേജിൽ എത്തിയത് മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും,എംജി യൂണിവേഴ്സിറ്റി യുടെയുമെല്ലാം പരിശീലകനയിരുന്ന ഹാരി ബെന്നി ആയിരുന്നു. 2016 വരെയുള്ള കാലയളവിൽ ജില്ലാ ലീഗിൽ മാത്രം ഒതുങ്ങിനിന്ന മാർ അത്തനേഷ്യസ് കോളേജിനെ പിന്നീട് പ്രൊഫഷണൽ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കുവാൻ ചാലക ശക്തിയായത് ഹരിയുടെ ചുവടുവെപ്പാണെന്നു പറയാം. അക്കാലയളവിൽ കോളേജിലെ ഒട്ടു മിക്ക താരങ്ങളും കേരളത്തിലെ പല പ്രമുഖ ക്ലബ്ബുകൾക്കായി കേരള പ്രീമിയർ ലീഗിൽ ജെഴ്സി അണിയുകയുണ്ടായി. ഈ മാറ്റമാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയെ പ്രൊഫഷണൽ മേഖലയിലേക്ക് കടന്നുവരുവാൻ പ്രേരിപ്പിച്ചത്.

ദുബായിൽ വച്ചുനടക്കുന്ന യു എ ഇ യും ഓമാനും ആയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ 2014 കാലയളവിലെ താരമായിരുന്ന മഷൂർ ഷെരിഫ് എന്ന ചെറുപ്പക്കാരൻ കുപ്പായംഅണിയുന്നു എന്നതും തികച്ചും അഭിനന്ദനാർഹമാണ്. ചരിത്രത്തിലാദ്യമായി കേരളം ഗോകുലം എഫ്സി ലൂടെ ഐ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ ഗോകുലാത്തിനായി ബൂട്ട് അണിഞ്ഞത് എം.എ കോളേജിന്റെ മൂന്നു താരങ്ങളാണ്. ഇപ്പോൾ ഈ കോളേജിൽ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാർഥിയായ എമിൽ ബെന്നിയും ( 2020-21 ഐ ലീഗിലെ മികച്ച എമർജിങ് പ്ലെയറായ ആയി തെരഞ്ഞെടുക്കപ്പെട്ടു) കോളേജിൽ തന്നെ താരമായിരുന്ന അലക്സ് സജിയും, ഗോകുലത്തിന്റെ മിഡ് ഫീൽഡ് ജനറൽ എന്നറിയപ്പെടുന്ന മുഹമ്മദ് റാഷിദ് എന്നിവരെല്ലാം എംഎ കോളേജിന്റെ മികച്ച താരങ്ങൾ ആയിരുന്നു എന്നതിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാഡമിക്ക് അഭിമാനിക്കാം.

1997 കാലയളവുകളിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നും കേരളത്തിലെ പ്രതിനിധീകരിച്ച് താരങ്ങളായിരുന്നു ജിനേഷ് തോമസും ജെറോം സെബാസ്റ്റ്യനും. അസാമാന്യ മെയ്‌വഴക്കം കൊണ്ട് ഗോൾമുഖത്ത് എന്നും ടീമിന്റെ രക്ഷകൻ ആയിരുന്നു ജിനേഷ് തോമസ് ജൂനിയർ യൂത്ത് മത്സരങ്ങളിലും മൂന്നു തവണ സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. ഇടിമുഴക്കം പോലുള്ള ഷോട്ടുകൾ പായിച്ചുകൊണ്ട് എന്നും എതിരാളികളുടെ ഗോൾമുഖത്ത് പേടിസ്വപ്നമായിരുന്ന ജെറോം സെബാസ്റ്റ്യൻ എന്ന സ്ട്രൈക്കർ, അന്തർ സർവകലാശാല മത്സരങ്ങളിൽ ഗോളുകൾ വാരിക്കൂട്ടിയ ജെറോം പിന്നീട് മുംബൈ എഫ് സി ക്കും ഇന്ത്യയിലെ തന്നെ പല പ്രമുഖ ക്ലബ്ബുകൾക്കും വേണ്ടി ബൂട്ട് അണിഞ്ഞു. രണ്ടായിരത്തിരണ്ടിൽ കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ അന്ന് ലെഫ്റ്റ് ബാക്കിൽ ബൂട്ട് അണിഞ്ഞ സനുഷ് രാജ് എന്ന ചെറുപ്പക്കാരനും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ താരമായിരുന്നു.

2017 -ൽ എൽദോ ജോർജ് മാർ അത്തനേഷ്യസ് കോളേജിൽനിന്നും കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കുപ്പായമണിഞ്ഞു. 2018- ൽ കേരളം കൊൽക്കത്തയിൽ സന്തോഷ് ട്രോഫി നേടുമ്പോൾ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഷംനാസ് ബി എൽ എന്ന കൊച്ചു താരവും ആ ടീമിൽ അംഗമായിരുന്നു. 2019 തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വച്ചു നടന്ന സന്തോഷ് ട്രോഫിയിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽനിന്നും അലക്സ് സജി കേരളത്തിനായി കുപ്പായമണിഞ്ഞു. 2020-ൽ കേരളത്തിൽ വച്ച് നടന്ന സന്തോഷ് ട്രോഫിയിൽ അലക്സ് സജി വീണ്ടും കുപ്പാമണിഞ്ഞപ്പോൾ അന്നത്തെ ടോപ്സ്കോറർ ആയിരുന്ന എമിൽ ബെന്നിയും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ സ്വന്തം താരം ആയിരുന്നു എന്നതും വിസ്മരിക്കാനാ വില്ല. ദീർഘ നാളത്തെ ചിട്ടയായ പരിശീലനത്തിന്റെ ശ്രമഫലമായിട്ടാണ് 2019-ൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി കേരള പ്രീമിയർ ലീഗിൽ എത്തിയത് .

2019-20 ലെ ആറാം സീസണിൽ വമ്പന്മാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു
മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ അരങ്ങേറ്റം. മുൻ സെമിഫൈനലിസ്റ്റുകളായിരുന്ന സാറ്റ് തിരൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തങ്ങളുടെ വരവ് അറിയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കരുത്തിൽ കരുത്തരായ കേരള പോലീസിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളയ്ക്കുകയും തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദമത്സരത്തിൽ കേരള പോലീസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി പരാജയപ്പെടുത്തുകയും ചെയ്തു. മത്സരരംഗത്തെ പരിചയക്കുറവ് തെല്ലും കാണിക്കാതെ കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി ഗോള് റേറ്റിൽ കേരള പോലീസിന് പിന്നിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.
തുടരെയുള്ള ഏഴാം സീസണിൽ (2020-21) വളരെ നല്ലതുടക്കമായിരുന്നു അക്കാദമിയുടേത്.

കരുത്തരായ മുൻ കെ പി എൽ ചാമ്പ്യൻ കെ എസ് ഇ ബി യ്ക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു വിജയം. തുടർന്നുള്ള രണ്ടാം മത്സരത്തിൽ എറണാകുളത്തിന്റെ കരുത്തൻ ക്ലബ്ബ് ഗോൾഡൻ ത്രെഡ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് നോട്ട് പൊരുതി നേടിയ സമനിലയും ഈ ടീമിന്റെ പോരാട്ട വീരത്തിന്റെ മാറ്റുകൂട്ടുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ കേരളത്തിന്റെ പുതു ശക്തിയും , ഇന്റർ നാഷണൽ സ്പോൺസർഷിപ്പോടെ കേരളത്തിൽ കാലുറപ്പിക്കുന്ന കേരള യുണൈറ്റഡ് എഫ് സി യോട് മൂന്നു ഗോളുകൾക്ക് പൊരുതി കിഴടങ്ങി എങ്കിലും ശനിയാഴ്ച നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോവളത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുട്ടുകുത്തിച്ചു. നിലവിൽ 10 പോയിന്റുമായി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാരായി മികച്ച പ്രകടനവുമായി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി, ഹാരി ബെന്നിയുടെ പരിശീലനത്തിൻ കീഴിൽ മുന്നേറ്റം തുടരുകയാണ്.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...