കോതമംഗലം : കേരള പോലീസിന്റെ ഒഫിഷൽ ഫെയ്സ്ബുക്ക് പേജിൽ വ്യാജ വീഡിയോ പ്രചരിച്ചത് തിരിച്ചടിയായി. കേരള പോലിസിന്റെ ഒഫീഷൽ ഫെയ്സ് ബുക്ക് പേജിൽ ശനിയാഴ്ച (16-7-2022) ന് വ്യാജ വീഡിയോ പ്രചരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് “കനത്ത മഴയിൽ നേര്യമംഗലം – അടിമാലി റോഡിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീത്തായി അപകടാവസ്ഥ മുന്നറിയിപ്പ് നൽകുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിലയുറപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ” എന്ന തലക്കെട്ടോടെയാണ് പേജിൽ പ്രചരിച്ചത്. മലമുകളിൽ നിന്നും മണ്ണും കല്ലും ഒക്കെ വലിയ തോതിൽ റോഡിലൂടെ കലങ്ങി മറിഞ്ഞ് കുത്തിയൊഴുകുന്ന ചീയപ്പാറ വെള്ളച്ചാട്ടമെന്ന പേരിൽ മറ്റേതോ സ്ഥലത്തെ വീഡിയോയും പോലീസ് വാഹനം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളതായും പോലീസ് പേജിൽ പോസ്റ്റ് ചെയ്തത്.
തുടർന്ന് ദേശീയ പാതയിൽ യാത്ര ചെയ്യുന്നവരും ജനങ്ങളും ഒരുപോലെ ഭീതിയിലായി. മറ്റു സ്ഥലങ്ങളിൽ നിന്നും വരാനുള്ള നിരവധി പേർ ദേശീയ പാതയിൽ ഗതാഗത തടസ്സം ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്‌തു. ചിലർ സംശയം നിമിത്തം യാത്ര ഒഴിവാക്കി. ഏറ്റവും കൂടുതൽ ടൂറിസ്റ്റ്കൾ എത്തുന്ന അവധി ദിനമായ ഇന്ന് ഞായറാഴ്ച ടൂറിസ്റ്റുകളുടെ എണ്ണം കുറയുകയും ചെയ്‌തു. ലക്ഷങ്ങളാണ് ടൂറിസം മേഖലക്ക് നഷ്ടം സംഭവിച്ചതെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ പോലുമല്ല മഹാരാഷ്ട്രയിലെ അമ്പോളി ഘാട്ട് വെള്ളച്ചാട്ടം ആണെന്ന് മനസ്സിലായതോടെ പോസ്റ്റ് ഡിലിറ്റ് ചെയ്ത് തടി തപ്പുകയാണ് കേരള പോലീസ് ചെയ്തത്.