കോതമംഗലം: തിരക്കേറിയ റോഡിന്റെ ഓരത്ത് തീറ്റ തേടിയെത്തി കാട്ടാന. നേര്യമംഗലം-അടിമാലി റോഡില്‍ അഞ്ചാംമൈലിലാണ് റോഡരികില്‍ കാട്ടാന തീറ്റ തേടിയെത്തിയത്. നേര്യമംഗലം-അടിമാലി റോഡിന്റെ ഇരുവശത്തുമുള്ള വനത്തില്‍ കാട്ടാനകളുടെ എണ്ണം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ആനകള്‍ റോഡിലിറങ്ങുന്നതും കുറുകെ കടക്കുന്നതും പതിവുമാണ്. ഇപ്പോള്‍ പകല്‍ സമയത്തും ആനകള്‍ റോഡിലിറങ്ങുന്ന സ്ഥിതിയാണുള്ളത്. ഇന്നലെ വൈകിട്ടാണ് അഞ്ചാംമൈല്‍ ഭാഗത്ത് ആന റോഡിലെത്തിയത്.
ഒരു ആന മാത്രമേ ഉണ്ടായിരുന്നുള്ളൂ. വനത്തിലെന്നപോലെ റോഡരികില്‍ പുല്ല് തിന്നുകയായിരുന്ന ആന കൗതുക കാഴ്ചയായി. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോയതൊന്നും ആനയ്ക്ക് പ്രശ്‌നമായില്ല.
വാഹനങ്ങളേയോ മനുഷ്യരേയോ ആക്രമിക്കാനും ശ്രമമുണ്ടായില്ല. റോഡിലും പരിസരത്തും ആനയുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിവരും.
