കോതമംഗലം: കോട്ടപ്പടി പ്ലാമുടി കല്ലുളിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ഓടി രക്ഷപ്പെടുന്നതിനിടെ വീട്ടമ്മക്കും കുഞ്ഞിനും പരിക്ക്. പ്ലാമുടി കല്ലുളിയില്‍ കൊല്ലംമോളേല്‍ അരവിന്ദിന്റെ വീടിന് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.അരവിന്ദും ഭാര്യ ആതിരയും മക്കളായ അഞ്ചുവയസുകാരന്‍ ആയുഷും രണ്ടരവയസുകാരി ആവണിയുമാണ് വീിട്ടിലുണ്ടായിരുന്നത്.ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആനയെ മുറ്റത്ത് കണ്ടത്.ആന രണ്ട് തവണ ഭിത്തിയില്‍ കുത്തി.ഇതേതുടര്‍ന്ന് ഇഷ്ടികകള്‍ ഇളകിയിട്ടുണ്ട്.വീട് തകര്‍ക്കുമെന്ന് തോന്നിയതോടെ അരവിന്ദും ആതിരയും മക്കളേയുമെടുത്ത് പുറത്തേക്ക് ഓടി.സമീപത്തെ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങുമ്പോള്‍ ആതിര,ആവണിയുമായി നിലത്തുവീണു.തങ്ങളുടെ അടുത്തേക്ക് കൊമ്പന്‍ നടന്നടുത്തുവെന്ന് ആതിര പറഞ്ഞു.അരവിന്ദ് ഒച്ചവച്ചപ്പോഴാണ് ആന പിന്‍തിരിഞ്ഞത്.വീഴ്ചയില്‍ ആതിരക്കും ആവണിക്കും പരിക്കേറ്റു.അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. വലിയ ഉറപ്പില്ലാത്ത കൊച്ചുവീടാണ് അരവിന്ദിന്റേത്.സമീപത്ത് ആനശല്യമുണ്ടാകാറുണ്ടെങ്കിലും ഇവരുടെ വീട്ടിലെത്തുന്നത് ആദ്യമായാണെന്ന് പറഞ്ഞു. വീടിന് നേരെ ആക്രമിച്ച കാട്ടാന സമീപത്ത് നിന്ന തെങ്ങും മറച്ചിടാൻ ശ്രമം നടത്തിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണം ഇനിയും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കുടുംബം. തിങ്കളാഴ്ച രാത്രി കോട്ടപ്പടി കൂവക്കണ്ടത്ത് മാവറ മത്തായിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന കൃഷിയിടത്തിൽ നാശം വരുത്തിയാണ് മടങ്ങിയത്.