എറണാകുളം : വരയാണോ ഫയലെഴുത്താണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ വിനോജ് കുഴങ്ങും. ആദ്യത്തേത് ജീവൻ. രണ്ടാമത്തേത് ഉപജീവനം. രണ്ടിനോടും കൂറ് ഒരുപോലെയെന്നു പറയാനെ വിനോജിനു കഴിയൂ. ഒരു കൈയ്യിൽ ബ്രഷും കാൻവാസും മറു കൈയ്യിൽ ഫയലും പേനയും. കളക്ടറേറ്റിലെ സീനിയർ ക്ലാർക്കായ കെ.ജി.വിനോജിനു ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാന ആർട്ടിസ്റ്റ് എന്ന വിശേഷണമാണു സഹപ്രവർത്തകർ നൽകുന്നത്. തിരഞ്ഞെടുപ്പ് എത്തിയാലും പ്രളയം വന്നാലും കോവിഡ് ആയാലും ജില്ല ഭരണകൂടത്തിൻ്റെ ബോധവൽക്കരണ പരിപാടികളിൽ വിനോജിന്റെ വരയും എഴുത്തും നിറഞ്ഞു നിൽക്കും. കാർട്ടൂണും കാരിക്കേച്ചറുമാണു കൂടുതൽ ഇഷ്ടം. 2001 റവന്യൂ വകുപ്പിൽ ക്ലാർക്കായി ചേർന്ന വിനോജ് 10 വർഷം അവധിയെടുത്തു വരയുടെ ലോകത്തേക്കു ചേക്കേറി. ഈ കാലയളവിൽ രാജ്യാന്തര രംഗത്ത് ശ്രദ്ധേയനായി.
2005ൽ വാൾട്ട് ഡിസ്നിയുടെ മിക്കി മൗസ് ക്ലബ് ഹൗസ് അനിമേഷൻ പ്രോജക്ടിന്റെ ടീം ലീഡറായിരുന്നു. ഹൈദ്രാബാദ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. നാഷണൽ ജ്യോഗ്രഫിക് ചാനലിന്റെ (ജർമനി) മാർവി ഷോയുടെ ലീഡ് അനിമേറ്ററായും തിളങ്ങി. കമലഹാസൻ്റെ ദശാവതാരം വിജയുടെ പോക്കിരി, വില്ല്, വേട്ടൈക്കാരൻ ഷാരൂഖ് ഖാൻ്റെ RA-ONE, അല്ലു അർജുൻ്റെ വരൻ, കാർത്തിയുടെ ആയിരത്തിൽ ഒരുവൻ ഉൾപ്പെടെ പല സിനിമകളിലും അനിമേഷൻ ടീം അംഗമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ പ്രദർശനങ്ങളിൽ വിനോജിന്റെ സൃഷ്ടികൾ ഇടം പിടിച്ചു. 2011ൽ റവന്യൂ വകുപ്പിൽ തിരിച്ചെത്തി.
കലക്ടറേറ്റിൽ കാലപ്പഴക്കമുള്ള ഫയലുകൾ സൂക്ഷിക്കുന്ന റെക്കോർഡ് സെക്ഷന്റെ ചുമതലക്കാരനാണു വിനോജ്. കാക്കനാട് കാളങ്ങാട്ട് ഗോപാലന്റെയും രാധയുടേയും മൂന്ന് മക്കളിൽ മൂത്തയാളാണ് വിനോജ്. ഭാര്യ സിബിയും മക്കളായ ശ്രീനന്ദനയും ശീനന്ദിതയും വിനോജിന്റെ വരയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.