- ജെറിൽ ജോസ് കോട്ടപ്പടി
നേര്യമംഗലം : കൊച്ചി -ധനുഷ്കോടി ദേശിയ പാതയിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചീയപ്പാറ വെള്ളചാട്ടത്തിനു സമീപം വാഹനങ്ങൾ നിർത്തരുത് എന്നുള്ള വനം വകുപ്പിന്റെ ബോർഡ് വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ നീക്കം ചെയ്തു. പ്രത്യക്ഷ സമരവുമായി വിവിധ സംഘടനകൾ മുന്നോട്ടു വന്നത്തോടെ വനം വകുപ്പിന് ബോർഡ് തിരുത്തി എഴുതേണ്ടി വന്നു. യൂത്ത് കോൺഗ്രസ്, അതിജീവന പോരാട്ട വേദി, ഹൈറേഞ്ച് സംരക്ഷണ സമിതി, അടിമാലി ഗ്രാമ പഞ്ചായത്ത്, വ്യാപാരികൾ, വിവിധ ടൂറിസം സംഘടനകൾ സമരവുമായി രംഗത്ത് വന്നിരിന്നു. വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉള്ളത് കൊണ്ടാണ് വാഹനങ്ങൾ നിർത്തരുത് എന്നുള്ള ബോർഡ് വച്ചത് എന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം.
ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം വനം വകുപ്പ് ബോർഡിൽ മാറ്റം വരുത്തിയത് തങ്ങളുടെ സമരത്തിന്റെ പരിണിത ഫലമെന്നത് സംഘടനകളെ എല്ലാവരെയും സന്തോഷത്തിൽ ആക്കിയിട്ടുണ്ട്. ഇപ്പോൾ വന്യ മൃഗങ്ങൾ എത്താൻ സാധ്യത ഉണ്ട് എന്നാണ് ബോർഡിൽ പരാമർശിച്ചിട്ടുള്ളത്. ഈ വിഷയം കേരള കൗമുദി ആദ്യമേ റിപ്പോർട്ട് ചെയ്തിരുന്നു.