കോതമംഗലം : പള്ളിപടി – വെണ്ടുവഴി – മലേപ്പീടിക റോഡിന്റെ നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനമായി.ആന്റണി ജോൺ എം എൽ എ യുടെ ചർച്ചയെ തുടർന്നുള്ള തീരുമാനത്തെ തുടർന്നാണ് റോഡ് നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനമായത്.5 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിലാണ് റോഡിന്റെ നവീകരണം തീരുമാനിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് കൾ വേർട്ടുകളുടെയും, സംരക്ഷണ ഭിത്തികളുടെയും, നാട്ടുകാരുടെ സഹകരണ ത്തോടെ റോഡിന്റെ വീതി വർധിപ്പിക്കുന്നത് അടക്കമുള്ള പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു. അതിന്റെ തുടർച്ചയിൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലം പദ്ധതിയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിയ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും,കരാറുകാരും അടങ്ങുന്നവരുടെ യോഗം വിളിച്ചു ചേർത്തത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എം എൽ എ കൂടാതെ വാർഡ് കൗൺസിലർ ഷിനു കെ എ , പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ, പി ഡബ്ലൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിന്റോ ,അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ദിനിൽ വർഗീസ്,കരാറുകാരൻ നസീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. വരുന്ന ആഴ്ച നിർമ്മാണം പുനരാരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി.