കോതമംഗലം: പശുവിൻ്റെ ഫോട്ടോകളിലെ വ്യത്യാസം ആരോപിച്ച് ക്ഷീര കർഷകന് ഇൻഷ്വറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ എറണാകുളം ഉപഭോക്തൃ കോടതി വിധി
കോതമംഗലം ഇഞ്ചൂർ നിവാസി ക്ഷീരകർഷകൻ വേണു രാജൻ നായരാണ് പരാതിക്കാരൻ . 2021 മാർച്ചിൽ വാരപ്പെട്ടി ഗവ. മൃഗാശുപത്രിയിൽ എത്തി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തിവന്നിരുന്ന “ഗോ സ്മൃദ്ധി 2020-21 എന്ന പദ്ധതിയിൽ ചേർന്ന് പശുവിനെ ഇൻഷ്വർ ചെയ്യുകയായിരുന്നു.ഇതിൻ്റെ ഭാഗമായി കോതമംഗലത്തുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 16,664 രൂപ അടയ്ക്കുകയും ചെയ്തു. കുറച്ച് മാസങ്ങൾക്ക് ശേഷം പശു നിരവധി അസുഖങ്ങളാൽ വീണുപോവുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ വാരപ്പെട്ടി ഗവ: മൃഗാശുപത്രിയിലെ ഡോ. റോബിൻ .ജെ.പോളിനെ പശുവിൻ്റെ രോഗവിവരങ്ങൾ പറയുകയും പത്ത് ദിവസങ്ങളോളം പശുവിനെ ചികിത്സിക്കുകയും ചെയ്തു. പശുവിൻ്റെ ആരോഗ്യം ക്രമേണ തകർന്നതോടെ ഡോക്ടർ ഈ വിവരങ്ങൾ എല്ലാം ഇൻഷ്വറൻസ് കമ്പനിയായ തിരുവനന്തപുരത്തുള്ള ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയെ അറിയിക്കുകയും അവരുടെ പാനൽ ഡോക്ടറുടെ സേവനം ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ പാനൽ ഡോക്ടറുടെ സേവനം കോ വിഡ് – 19 നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലഭ്യമാക്കാൻ ആവില്ലെന്നും പശുവിനെ തൊഴുത്തിൽ നിന്നും നീക്കം ചെയ്തു കൊള്ളുവാൻ നിർദ്ദേശിക്കുകയും പശുവിൻ്റെ ഫോട്ടോയും എടുത്ത് ബന്ധപ്പെട്ട രേഖകൾ സഹിതം അയച്ച് കൊടുക്കുവാനും ആവശ്യപ്പെട്ടു. എല്ലാ രേഖകളും ഡോ. റോബിന് എത്തിച്ചു നൽകുകയും ചെയ്തു. ഒടുവിൽ ഇൻഷ്വറൻസ് ക്ലെയിമാനായി പരാതിക്കാരൻ ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചപ്പോൾ അത് നിരസിക്കുകയാണുണ്ടായത്. 60,000 രൂപക്കാണ് പശുവിനെ ഇൻഷ്വർ ചെയ്തിരുന്നതെങ്കിലും പി.റ്റി.ഡി.വിഭാഗത്തിൽ പെടുന്ന പശു ആയതിനാൽ തുകയുടെ എഴുത്തഞ്ച് ശതമാനത്തോളം തുക മാത്രമേ പരാതിക്കാരന് കിട്ടു യുള്ളു. ഇതും കിട്ടാതെ വന്നപ്പോൾ പരാതിക്കാരനായ വേണു രാജൻ നായർക്ക് ഇൻഷ്വറൻസ് ക്ലെയിമിന് അവകാശമുണ്ടെന്ന് കാട്ടി കമ്പനിക്ക് കത്തെഴുതുകയും ചെയ്തു.
പക്ഷെ ഇൻഷ്വറൻസ് കമ്പനി തുക നൽകാൻ തയ്യാറായില്ല. പശുവിനെ ഇൻഷ്വർ ചെയ്യുന്ന വേളയിൽ എടുത്ത ഫോട്ടോയും പശുവീണുപോയപ്പോൾ എടുത്ത ഫോട്ടോയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ആരോപിച്ചാണ് കമ്പനി ക്ലെയിം നിരസിച്ചത് ഇതിനെതിരെ 2021 ഡിസംബർ 15ന് വേണു രാജൻ എറണാകുളം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ മാസം 27 ന് വേണു രാജന് അനുകൂലമായ വിധിയുണ്ടായി. ക്ലെയിം 45,000 രൂപയും 15,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവിലേക്കായി 10,000 രൂപയും നൽകാൻ കോടതി വിധിച്ചു. പരാതിക്കാരനു വേണ്ടി ഗോപാലൻ വെണ്ടുവഴിയാണ് കോടതിയിൽ ഹാജരായത്.