കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ ആനകള്‍ കൃഷികളും, വൈദ്യുതി പോസ്റ്റുകളും വ്യാപകമായി കയ്യാലകളും നശിപ്പിച്ചിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതവനത്തില്‍ നിന്ന് ഇറങ്ങി ആന കൂട്ടമാണ് നാശം വിതച്ചത്. ഈ വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി.റ്റി ഔസേഫ് ഉള്‍പ്പെടെയുള്ള വനപാകരെ തടഞ്ഞു നിര്‍ത്തിയാണ് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ആന ശല്യം മേഖലയില്‍ ഉണ്ടന്നും ആനകളെ ഓടിക്കാന്‍ ഈ പ്രദേശത്തുള്ള രണ്ട് പേരെ താത്കാലിക വാച്ചര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി റ്റി ഔസേഫ് കോതമംഗലം വാര്‍ത്തയോട് പറഞ്ഞു.