കോതമംഗലം: നേര്യമംഗലത്ത് ദേശീയപാതയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങിയത് ഗതാഗതം തടസപ്പെടുത്തുകയും പരിഭ്രാന്തി പരത്തുകയും ചെയ്തു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തില്‍ ഇടുക്കി റോഡ് ജംഗ്ഷനിലാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് റോഡിന് മുകളിലെ വനത്തില്‍ നിന്നെത്തിയ കൊമ്പന്‍ റോഡരികില്‍ തങ്ങിയതോടെ ദേശീയപാതയിലും ഇടുക്കി റോഡിലും ഗതാഗതം തടസപ്പെട്ടത് പ്രദേശവാസികളിലും യാത്രക്കാര്‍ക്കിടയിലും പരിഭ്രാന്തി ഉയര്‍ത്തി.
വികസനത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് മതില്‍ തീര്‍ത്തതിനാല്‍ ദേശീയപാതയുടെ മറുവശത്തേക്കു പോകാന്‍ ആനയ്ക്ക് കഴിഞ്ഞില്ല. തിരികെ മുകളിലേക്ക് കയറിയ ആന കാട്ടില്‍ തങ്ങുകയാണ്. വില്ലാഞ്ചിറയിലും നേര്യമംഗലം പാലത്തിനു സമീപം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നിലും പകലും രാത്രിയും കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്നില്‍ മൂന്ന് ആനകള്‍ പനകള്‍ മറിച്ചിട്ട് മണിക്കൂറുകള്‍ തീറ്റയാക്കിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ദേശീയപാതയിലും ഇടുക്കി, കാഞ്ഞിരവേലി റോഡുകളിലും യാത്രക്കാര്‍ക്ക് പകല്‍ പോലും ഭയാശങ്കയില്ലാതെ കടന്നുപോകാന്‍ കഴിയാത്ത സ്ഥിയാണുള്ളത്..