Connect with us

Hi, what are you looking for?

EDITORS CHOICE

മീൻ കുളം നിർമ്മിക്കുവാൻ മണ്ണ് നീക്കിയപ്പോൾ കിട്ടിയത് കോടികൾ മൂല്യമുള്ള മുത്തുകൾ.

ഇടുക്കി : ഇടുക്കി ചരിത്രത്തിലേക്ക്, ചെല്ലാർ കോവിലിൽ കണ്ടെടുത്തത് സിന്ധു നദീതട നാഗരീകതയിലെ വിലപ്പെട്ട ആഭരണങ്ങലാണെന്ന് സംശയം. ഇടുക്കി ,ചെല്ലാർ കോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തിയത് . കണ്ടെത്തിയ നന്നങ്ങാടികളിൽ നിന്നും കണ്ടെടുത്തതോ മെസപ്പൊട്ടാമിയൻ – സിന്ധു നദീതട നാഗരീകതയിലെ രാജാക്കൻമാർ ധരിച്ചിരുന്ന ആഭരണങ്ങൾ. ഇത് പുരാവസ്തു ഗവേഷകരിൽ അത്ഭുതമുളവാക്കുന്നതാണ്. എച്ച്ഡ് കാർണേലിയം ബീഡ്സ് (Etched carnelian beads) ആഭരണങ്ങളാണ് മൈലാടുംപാറ നന്നങ്ങാടിയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ആർക്കിയോളജിക്കൽ വാല്യു പ്രകാരം ഇവക്ക് കോടികൾ വിലമതിച്ചേക്കാം. ഇരുമ്പ് ചൂടാക്കി അത് ലാവയാകുന്ന സന്ദർഭത്തിൽ തന്നെ പെട്ടെന്ന് അതിൻ്റെ പ്രോസസിംഗ് അവസാനിപ്പിച്ച് അതീവ സങ്കീർണ്ണ നിർമ്മാണ പ്രക്രിയയിലൂടെ രൂപപ്പെടുത്തുന്നവയാണീ ആഭരണങ്ങൾ എന്ന് കരുതുന്നു. ഇരുമ്പ് യുഗത്തിലെ അതിസങ്കീർണ്ണ നിർമ്മാണ നിഗൂഡതകളെ നീക്കുന്നതിന് ഗവേഷകരെ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ.

ഇവ ധരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്താൽ എന്നും പരാജയമില്ലാതെ വിജയം മാത്രം ലഭിക്കുന്നമെന്ന വിശ്വാസത്താലും, രതിയിലെ വിജയത്തിനും പുരാത കാലത്തെ രാജാക്കൻമാർ കൈവശം വച്ച് ധരിച്ചിരുന്നതാണ് ഈ വിഭാഗം ആഭരണങ്ങൾ. ജ്യോതിശാസ്ത്രപരമായ പ്രത്യേകതകളും സൂചനകളും ഈ ആഭരണങ്ങളിലെ മുത്തുകളുടെ ആകൃതിയിൽ നിന്നും ഡിസൈനിൽ നിന്നും മനസ്സിലാക്കാം. മെസപ്പൊട്ടാമിയൻ സംസ്ക്കാരവും സിന്ധു നദീതട സംസ്ക്കാരവും തമ്മിലുളള ട്രേഡ് ബന്ധത്തിനും ഉള്ള തെളിവുകൂടിയായി മാറുകയാണ് ഇടുക്കിയിൽ നിന്നുള്ള ഈ മഹത്തായ കണ്ടെത്തൽ. ഇതിന് മുമ്പ് വയനാട്ടിലും മലബാറിലെ ചില ഇടത്തു നിന്നും ഇത്തരം മുത്തുകൾ ലഭ്യമായിട്ടുള്ളതായറിയുന്നു.

കൂടാതെ ഇവയോടൊപ്പം ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, എല്ലിൻ കഷണങ്ങൾ, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങൾ, ചെറു പാത്രങ്ങൾ എന്നിവയും കണ്ടെത്തിയത് കൂടുതൽ പഠനത്തിന് സഹായകമാവും. എന്നാൽ പുരാവസ്തുക്കൾ പുറത്തെടുക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിക്കാതിരുന്നത്‌ കാർബൺ / ഡി.എൻ.എ ടെസ്റ്റുകൾ ചെയ്യുന്നതിൽ കൃത്യത കുറയ്ക്കുമെന്നത് സങ്കടകരമെങ്കിലും ഇവ സൂക്ഷിക്കപ്പെടുന്ന മ്യൂസിയത്തിന് ഒരു മുതൽകൂട്ടാവുമെന്നത് സന്തോഷത്തിനുമിടനൽകുന്നതാണ്. ജില്ലയിലാദ്യമായാണ് ഇത്രയധികം വിപുലമായ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തുന്നത്. ചെമ്പകപ്പാറക്കു സമീപവും തെട്ടടുത്ത നാളിൽ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തിയിരുന്നു.

ചെല്ലാർകോവിൽ മയിലാടുംപാറ ക്ഷേത്രത്തിന് സമീപം കമ്പിയിൽ ബിനോയിയുടെ പുരയിടത്തിൽ മീൻ വളർത്തലിനായി ഒരു ജല സംഭരണിക്കായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുബോഴായിരുന്നു മണ്ണിനടിയിൽ 2 ഭീമൻ നന്നങ്ങാടികൾ ശ്രദ്ധയിൽപ്പെട്ടത്. അവയ്ക്കുള്ളിൽ മറ്റ് ചെറുകുടങ്ങളും.  ബിനോയി അറിയിച്ചതനുസരിച്ച് ഗവേഷകൻ ശ്രീ.രാജീവ് പുലിയൂരിൻ്റെ നേതൃത്വത്തിലുള്ള
നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണസമിതി ഗവേഷകർ സ്ഥലം സന്ദർശിച്ച്
തുടർ നടപടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. കണ്ടെടുത്ത പുരാവസ്തുക്കൾ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി തഹസീൽദാർ ലൈജു കുര്യൻ ഏറ്റുവാങ്ങി.

നന്നങ്ങാടികളും മുത്തുകളും നെടുങ്കണ്ടം മിനി സിവിൽ സ്‌റ്റേഷനിലെ പ്രത്യേക മുറിയിലേക്ക് മാറ്റി. കൂടുതൽ പരിശോധനകൾക്കും ഘനനത്തിനും പുരാവസ്തു വകുപ്പ് അധികൃതർ അടുത്ത ദിവസമെത്തും. ബിസി 500നും 1500നും ഇടയിലുള്ള നിർമ്മിതികളാണന്നാണ് പ്രാഥമിക നിഗമനം. മുത്തുകൾക്ക്പുരാവസ്തു വിപണിയിൽ കോടികൾ മൂല്യമുണ്ടെന്നും വിലയിരുത്തുന്നു. ഇടുക്കിയിൽ നിന്ന് ആദ്യമായാണ് നന്നങ്ങാടികളോടൊപ്പം മുത്തുകൾ കണ്ടെത്തുന്നത്.

You May Also Like