കോതമംഗലം :- കോതമംഗലത്ത് സമ്മിശ്ര കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെങ്കേമമാക്കി സഹപ്രവർത്തകരും നാട്ടുകാരും. പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂരിലാണ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിൻ്റെ വീടും കൃഷിസ്ഥലവും. സമ്മിശ്ര കർഷകനായ മുഹമ്മദ് നിരവധി വ്യത്യസ്തങ്ങളായ കൃഷികളാണ് പരീക്ഷിച്ച് വരുന്നത്. സമ്മിശ്ര കൃഷിയുടെ ഭാഗമായി മുഹമ്മദ് തൻ്റെ റബർ തോട്ടത്തിലൊരുക്കിയ തേനീച്ചപ്പെട്ടികളിൽ നൂറുമേനിയാണ് ഉത്പാദനം നടന്നത്. കൃഷി പരിപാലനവും വിളവെടുപ്പു മെല്ലാം പോലീസ് ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് മുഹമ്മദ് സമയം കണ്ടെത്തുന്നത്.
തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സിദ്ധിഖ് KP ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബൂബക്കർ മാങ്കുളം മുഖ്യാതിഥിയായിരുന്നു. കാർഷികരംഗത്ത് മുഹമ്മദ് നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പോലീസ് സേനക്ക് തന്നെ പ്രചോദനവും അഭിമാനവുമാണെന്ന് സഹപ്രവർത്തകനും ഊന്നുകൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ സിദ്ധിഖ് പറഞ്ഞു. മാനസികോല്ലാസത്തിന് വേണ്ടിയാണ് കൃഷി ചെയ്യുന്നതെന്നും എല്ലാവരും കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും മുഹമ്മദ് പറഞ്ഞു.