ഇരമല്ലൂർ വില്ലേജിൽ,നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ കുരു മിനാംപാറ ചെളിക്കുഴി തണ്ട് പ്രദേശത്ത് വ്യവസായിക ആവശ്യങ്ങൾക്ക് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി ഇല്ലാത്ത ഭൂമിയിൽ പ്ലൈ വുഡ് കമ്പനി നിർമ്മാണത്തിന്റെ ഭാഗമായി ഭൂഉടമകൾ നടത്തികൊണ്ടിരിക്കുന്ന മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഹൈകോടതി ഉത്തരവ്. ഭൂ ഉടമകളായ ചെറുവട്ടൂർ മോനിക്കാട്ടിൽ അജി, നെല്ലിക്കുഴി പാണാട്ടിൽ സക്കറിയ എന്നിവർക്ക് നോട്ടീസ് അയക്കാനും ലാൻഡ് അസൈൻമെന്റ് ചട്ടപ്രകാരം ലഭിച്ച ഭൂമിയാണോ എന്ന് പരിശോധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കാനും ഹൈക്കോടതി വില്ലേജ്- താലൂക്ക് അധികാരികൾക്ക് നിർദ്ദേശം നൽകി. ജനകീയ സമര സമിതി സമർപ്പിച്ച
പൊതുതാൽപര്യ ഹർജിയിലാണ് വിധി.
1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിഞ്ഞുകിട്ടിയ, വീട് നിർമിക്കാനും കൃഷിക്കും മാത്രം അനുവാദമുള്ള ഭൂമിയിൽ ഉടമകൾ അനധികൃത ഖനന പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടത്തിവരികയാണെന്നും നിർമ്മാണ പ്രവർത്തനത്തിന്റെ മറവിൽ പ്രദേശത്തുള്ള പൊതുകുളത്തിന്റെ അതിർത്തിയും സ്വാഭാവിക നീർച്ചാലും കയ്യേറി എന്നും ഭൂമി നികത്തുന്നതിനായി മറ്റൊരു പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങളും ഫാക്ടറി അവശിഷ്ടങ്ങളും വൻതോതിൽ പ്രദേശത്തു കൊണ്ടുവന്ന് തള്ളിയെന്നുമാണ് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചത്. പരിസ്ഥിതി പ്രാധാന്യമുള്ള കുന്നിൻ പ്രദേശത്ത് പ്ലൈ വുഡ് കമ്പനി വരുന്നത് കമ്പനിയോട് ചേർന്ന് കിടക്കുന്ന പൊതുകുളവും നീർചാലുകളും മലിനമാവാനും അതുവഴി താഴ്ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളവും കൃഷിഭൂമിയും മാലിന്യം നിറയാനും കാരണമാവുമെന്നും ഹർജിക്കാർ ബോധിപ്പിച്ചു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ. മുഹമ്മദ് മുശ് താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലൈവുഡ് കമ്പനി നിർമ്മാണത്തിന്റെ മറവിൽ എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ ഹൈക്കോടതി വിധി.. പ്ലൈവുഡ് കമ്പനി നിർമ്മാണത്തിന്റെ മറവിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കുന്നുകളും മലകളും വ്യാപകമായി ഇടിച്ചു നിരത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധവും ജനകീയ പ്രക്ഷോഭങ്ങളും എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടന്നു വരികയാണ്. ജനകീയ പ്രതിഷേധത്തെ തുടർന്ന് അടുത്തിടെ എറണാകുളം ജില്ലാ കളക്ടർ നിരവധി കമ്പനികളുടെ നിർമ്മാണം നടന്നുവരുന്ന അശമന്നൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ നേരിൽ സന്ദർശിച്ച് ജനങ്ങളിൽ നിന്ന് പരാതി കേട്ടിരുന്നു. പരാതിക്കാർക്ക് വേണ്ടി അഡ്വക്കറ്റ് പിയൂസ് എ കൊറ്റം ഹാജറായി.