കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലുമായി കനത്ത കാറ്റിൽ വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടായി.
മുനിസിപ്പാലിറ്റിയിൽ 20 കർഷകരുടെ കുലച്ചതും കുലയ്ക്കാത്തതുമായി രണ്ടായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണു. 10 ലക്ഷം രൂപയിലധികം നാശനഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു.
കോട്ടപ്പടിയിൽ 39 കർഷകരുടെ രണ്ടായിരത്തോളം വാഴകളും 20 റബ്ബർ മരങ്ങളും മറിഞ്ഞു വീണു. 12 ലക്ഷം രൂപയുടെ നാശനഷ്ടം വിലയിരുത്തുന്നു.
നെല്ലിക്കുഴിയിൽ 16 കർഷകരുടെ ആയിരത്തിലധികം വാഴകൾ ഒടിഞ്ഞതിൻ്റെ ഭാഗമായി 6 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് പെട്ടെന്നുണ്ടായ കാറ്റിൽ നിലം പൊത്തിയത്. മഴയോടൊപ്പം തുടർച്ചയായ കനത്ത കാറ്റ് വീശുന്നത് കർഷകരെ വളരെയധികം ആശങ്കയിലാഴ്ത്തുന്നുണ്ട്. കൃഷി നാശം ഉണ്ടായ സ്ഥലങ്ങൾ കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ചു പ്രാഥമിക നഷ്ടം വിലയിരുത്തി. ബ്ലോക്കുതലത്തിൽ 28 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
കൃഷി നാശം ഉണ്ടായ കർഷകർ എത്രയും പെട്ടെന്ന് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി അസിസ്റ്റൻ്റ് ഡയക്ടർ വി.പി സിന്ധു അറിയിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസം കൂടാതെ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെട്ട കർഷകർക്ക് അതിൻ്റേതായ ആനുകൂല്യവും ലഭിക്കുന്നതായിരിക്കും.