കോതമംഗലം : തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ 5ബെഡ്ഡുമായി സേവാഭാരതി ആരംഭിച്ച ക്വാറന്റൈൻ സെന്റർ, ഇന്ന് 30 ബെഡ്ഡുകളുള്ള കോവിഡ് കെയർ സെന്റർ ആയി മാറിയിരിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാര്ക്കും പ്രത്യേക വാർഡുകളും ക്രമീകരിച്ചിട്ടുണ്ട്.
കോവിഡ് രോഗം ബാധിച്ചപ്പോൾ നോക്കാൻ ആളില്ലാതെ ആശ്രയരില്ലാതെ വീടുകളിൽ ഒറ്റപ്പെട്ടുപോയ അമ്മമാരെയും സേവാ ഭാരതിയുടെ ഈ കോവിഡ് സെന്റർ ഏറ്റെടുത്ത് പരിപാലിച്ചു വരുന്നു. 24മണിക്കൂറും പ്രവർത്തന സജ്ജമായ കോവിഡ് ഹെല്പ് ഡെസ്ക്ക് സഹായങ്ങൾ അഭ്യർത്ഥിച്ചു വരുന്നവർക്ക് താങ്ങും തണലുമായി മാറിയിരിക്കുകയാണ്.
താലൂക്കിലെ എല്ലാ പൊതു കേന്ദ്രങ്ങളും , പൊതു ഇടങ്ങളും കൃത്യമായ ഇടവേളകളിൽ സേവാഭാരതി വോളന്റിയർമാർ സാനിറ്റൈസ് ചെയ്ത് വരുന്നു.
കൊറോണ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും, തിരിച്ചെത്തിക്കുന്നതിനും ആംബുലൻസ് സംവിധാനവും ഉണ്ട്. ഭക്ഷണത്തിനും മരുന്നുകൾക്കുമായി കാൾ സെന്ററിലേക്ക് വിളിക്കുന്നവർക്ക് ഇതെല്ലാം വീടുകളിലും എത്തിച്ചു നൽകി വരുന്നു. കൊറോണ ബാധിച്ച് മരണമടയുന്നവരുടെ സംസ്കാര ചടങ്ങുകളും ഏറ്റെടുത്ത് നടത്തിക്കൊടുക്കുന്നതിന് പ്രത്യേക വോളന്റിയർമാരുമുണ്ട്. എറണാകുളം ജില്ലയിൽ തന്നെ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ നടത്തുന്ന ഇത്തരത്തിലൊരു കോവിഡ് കെയർ സെന്റർ കോതമംഗലത്ത് മാത്രമാണുള്ളത് എന്ന പ്രത്യേകതയും ഈ സെന്ററിനുണ്ട്. പൂർണ്ണ സമയം കൊടുത്ത് ഈ പ്രവത്തനങ്ങളുടെ ഭാഗമായി എൺപതോളം സേവാഭാരതി വോളന്റിയർമാരുമുണ്ട് . സുമനസ്സുകളുടെ സഹായങ്ങൾ ഒന്ന് കൊണ്ടുമാത്രമാണ് ഈ കോവിഡ് സെന്റർ നടന്നു പോകുന്നത്.