കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ വിത്തുകളാണ് ഞാറ്റടി ഉണ്ടാക്കാൻ ഉപയോഗിച്ചത്. നൂറുമേനി എന്നു പറയുന്നത് 30 കിലോ വിത്ത് വിതച്ചാൽ അതിൽ നിന്ന് 3000 കിലോ നെല്ല് ലഭിക്കുകയാണെങ്കിൽ വിളവ് 100 മേനിയാണ്. 30 കിലോയിൽ നിന്ന് 4000 കിലോ ലഭിച്ചാൽ 130 മേനിയായി.പരിപാലനവും കാലാവസ്ഥയും അനുകൂലമായാൽ പൊന്മണി ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഒരു കിലോഗ്രാം നെല്ല് നൽകും. അപ്പോൾ നെൽ കർഷകരുടെ സ്വപ്നസീമയും കടന്ന് വിളവ് 130 മേനിയിൽ എത്തും. ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഏകദേശം ഒരു കിലോ എന്ന നിലയിൽ നെല്ല് ലഭിക്കുമെന്ന് കൃഷിക്ക് നേതൃത്വം നൽകിയ നെളിയപറമ്പിൽ എൻ.ഐ.പൗലോസ് പറഞ്ഞു.
പൊന്മണി ഞാറ് 18 ദിവസം മൂപ്പിൽ പറിച്ചു നടുക,നുരികൾ തമ്മിലുള്ള അകലം കൃത്യമായി ക്രമീകരിക്കുക,ജൈവ വളങ്ങൾ പ്രയോഗിക്കുന്നതിൽ ശാസ്ത്രീയമായ നിർദ്ദേശം തേടുക തുടങ്ങിയവ വിളവ് വർദ്ധിക്കാൻ സഹായിക്കുമെന്ന് പൗലോസ് പറയുന്നു.
കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഗുണമേന്മയുള്ള നെൽവിത്തുകളും വളവും ശാസ്ത്രീയ നിർദ്ദേശവും സൗജന്യമായി നൽകുമെന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
‘പാടത്തിറങ്ങാം പറനിറയ്ക്കാം’ എന്ന സന്ദേശവുമായി ആയിരം ഏക്കർ തരിശുപാടത്ത് നെൽകൃഷി ചെയ്യാനുള്ള സഹായമാണ് ഇത്തവണ എന്റെ നാട് നൽകിയിരിക്കുന്നത്. നെൽകൃഷിയുടെ ആദ്യ വിളവെടുപ്പാണ് പ്ലാമുടിയിൽ നടന്നത്.ജോസ് തുടുമ്മേൽ,ബിജു പോൾ,എം.എസ്.ദേവരാജൻ, ഡി.കോര, ഗോപി പ്ലാമുടി,സി.വി.എബ്രഹാം,പി.കെ. ലക്ഷ്മണൻ എന്നിവർ കൊയ്ത്ത് ഉത്സവത്തിന് നേതൃത്വം നൽകി.
