Connect with us

Hi, what are you looking for?

CHUTTUVATTOM

വോട്ടെണ്ണല്‍ ദിനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുവാൻ ഒരുങ്ങി അധികാരികൾ.

കോതമംഗലം :കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വോട്ടെണ്ണല്‍ ദിനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ,കാര്‍ത്തിക് അറിയിച്ചു. ഗവ:ബോയ്സ് ഹയർ സെക്കൻററി സ്കൂൾ പെരുമ്പാവൂർ, യു.സി കോളേജ് ആലുവ, ശ്രീനാരായണ ഹൈസ്ക്കൂൾ നോർത്ത് പറവുർ, ഗവ:ബോയ്സ് ഹയർ സെക്കൻററി സ്ക്കൂൾ നോർത്ത് പറവൂർ, ആശ്രമം ഹയർ സെക്കൻററി സ്കൂൾ പെരുമ്പാവൂർ, നിർമല പബ്ലിക് സ്കൂൾ മൂവാറ്റുപുഴ, നിർമല ഹയർ സെക്കൻററി സ്ക്കൂൾ മൂവാറ്റുപുഴ, എം.എ കോളേജ് കോതമംഗലം എന്നിവിടങ്ങളാണ് എറണാകുളം റൂറല്‍ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. നിലവില്‍ എസ്.പിയുടെ നേതൃത്വത്തിൽ കേന്ദ്ര സേന ഉൾപ്പടെ 325 ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ സുരക്ഷ ചുമതല നിർവ്വഹിച്ചു വരികയാണ്. മെയ് 2ന് ആണ് വോട്ടെണ്ണൽ നടക്കുന്നത്.

റൂറല്‍ ജില്ലയില്‍ 1700 ല്‍പരം പോലീസ് ഉദ്യോഗസ്ഥരും, കേന്ദ്ര സേനാംഗങ്ങളുമാണ് അഞ്ച് സബ് ഡിവിഷനുകളിലായി ക്രമസമാധാന പാലനത്തിനായി ഉണ്ടാവുക. ഡി.വൈ.എസ്.പി മാര്‍ക്കാവും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല. അന്നേ ദിവസം ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ ക്യാമറകളില്‍ പകര്‍ത്തും. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരുടെ സാന്നിധ്യം ഉറപ്പാക്കും. അന്നേ ദിവസം ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജന്‍റുമാർ, മാധ്യമ പ്രതിനിധികൾ, എന്നിവരെ മാത്രമേ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. ഇവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തികരിച്ച സർട്ടിഫിക്കറ്റോ, ആര്‍.റ്റി.പി.സി.ആര്‍/റാപ്പിഡ് ആൻറിജൻ ടെസ്റ്റ് നെഗറ്റീവ് എന്ന് തെളിയിക്കുന്ന റിപ്പോർട്ടോ ഹാജരാക്കണം. ആഹ്ലാദ പ്രകടനങ്ങളോ മറ്റ് കൂട്ടം കൂടലുകളോ അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020, ദുരന്തനിവാരണ നിയമം, ഐ പി സി എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ എസ്.എച്ച്.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You May Also Like

error: Content is protected !!