കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (72) പട്ടാപ്പകല്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ട് മാസം ആകുന്‌പോഴും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം. സാറാമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകം എന്നതാണ് പോലീസിന്റെ നിഗമനം. ഈ നിഗമനല്ലാതെ മറ്റൊന്നും പോലീസിന്റെ കൈവശം ഇപ്പോഴില്ല. അന്വേഷണം മുന്‌പോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന തെളിവുകളോ, സൂചനകളോ കണ്ടെത്താന്‍ കഴിയാതെ അന്വേഷണം വഴിമുട്ടികഴിഞ്ഞു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന സൂചന നല്‍കുന്നതായിരുന്നു പോലീസിന്റെ അന്വേഷണ തുടക്കം. ചില വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി തന്നെ വ്യക്തമാക്കിയതുമാണ്. നിരവധിപേരെ സംശയവലയിലാക്കുകയും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഒരാള്‍ കുറ്റസമ്മതമൊഴി നല്‍കിയത് പ്രതീക്ഷ നല്‍കിയതുമാണ്.
എന്നാല്‍ ഈ മൊഴി വാസ്തവമാണെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രദേശത്തെ പൈനാപ്പിള്‍ തോട്ടത്തിലടക്കം പണിക്കുവന്നിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വൃഥാവിലായി. ഫോണ്‍ കോള്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി ആയിരണക്കിനാളുകളില്‍ നിന്നും വിവരശേഖരണവും നടത്തി. പ്രദേശത്തെ മൊബൈല്‍ ടവറിന്റെ പരിധിയിലൂടെ കടന്നുപോയവര്‍ക്കെല്ലാം പോലീസിന്റെ വിളിയെത്തി. എന്നാല്‍ അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കാന്‍ പോന്നതൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. പോലീസിന് കഴിയാത്ത സാഹചര്യത്തില്‍ സ്വാഭാവിക നടപടിയെന്ന നിലയില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങുകയെന്ന സാങ്കേതിക നടപടി മാത്രമാണ് അവശേഷിക്കുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യമാണ് സാറാമ്മയുടെ കുടുബം മുന്നോട്ടുവച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനിടയില്ല