മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
