Connect with us

Hi, what are you looking for?

EDITORS CHOICE

തുമ്പികൾക്കായി ഒരു മൊബൈൽ ആപ്; പശ്ചിമഘട്ടത്തിലെ തുമ്പികളെ തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ അപ്ലിക്കേഷനുമായി മൂന്ന് സുഹൃത്തുക്കൾ.

  • ഏബിൾ. സി. അലക്സ്‌

കൊച്ചി : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സൂവോളജി വിഭാഗം അധ്യാപകൻ ഡോ. എബി. പി. വര്ഗീസ്, പ്രമുഖ പക്ഷി നിരീക്ഷകനായ ജിജോ മാത്യു, കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ നികേഷ് പി ആർ. എന്നിവർ ചേർന്നാണ് തുമ്പികൾക്കായി മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്. നമ്മുടെ നാട്ടിൻ പുറങ്ങളിലും വനമേഖലകളിലും കണ്ടുവരുന്ന തുമ്പികളെ വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലാണ് ഈ ആപ് രൂപകൽപന ചെയ്‌തിട്ടുള്ളത്‌. പശ്ചിമ ഘട്ടത്തിലെ 119 ഇനം തുമ്പികളെ ആപ് ഉപയോഗിച്ച് തിരിച്ചറിയാം. ഇതിൽ 72 ഇനം കല്ലൻതുമ്പികളെയും (ഡ്രാഗൺ ഫ്‌ളൈസ്) 47 ഇനം സൂചിത്തുമ്പികളുടെയും (ഡാംസെൽ ഫ്‌ളൈസ് ) സമഗ്രവിവരണങ്ങളും തിരിച്ചറിയാൻ സഹായിക്കുന്ന ശരീര ഭാഗങ്ങളുടെ ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അപൂർവ്വവും, വംശനാശ ഭീഷണി നേരിടുന്നതുമായ അനേകം തുമ്പികളുടെ വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കും. ഇതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 29 ഇനം തുമ്പികളും ഉൾപ്പെടും. ഇവർ സ്വന്തമായി എടുത്ത ഫോട്ടോകൾ മാത്രമാണ് ആപിൽ ചേർത്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ ആദ്യമായാണ് തുമ്പികൾക്കായി ഒരു മൊബൈൽ ആപ് ഒരുക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഡ്രാഗൺ ഫ്‌ളൈസ് ആൻഡ് ഡാംസെൽഫ്‌ളൈസ്സ് ഓഫ് വെസ്‌റ്റേൺഘാട്ട്സ്, ഇന്ത്യ (Dragonflies and Damselflies of Western Ghats, India)എന്ന് തിരഞ്ഞാൽ ആപ് ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യാം. ‌ ‌കൺ മുന്നിൽ കാണുന്ന തുമ്പികളെ ഉടനെ തന്നെ നിറഭേദങ്ങൾ മനസിലാക്കി ആപ്പിന്റെ സഹായത്താൽ അവയുടെ ഇംഗ്ലീഷ് പേരും ശാസ്ത്രനാമവും ആൺ പെൺ വ്യത്യാസങ്ങൾ ഉൾപ്പെടെ മനസിലാക്കാം. സ്‌കൂൾ കോളേജ് വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതി നിരീക്ഷകർ എന്നിവർക്കെല്ലാം ഉപയോഗപ്പെടുന്ന തരത്തിലുള്ള ശാസ്ത്രീയമായ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വര്ഷങ്ങളുടെ നിരീക്ഷണ ഫലമായി ലഭിച്ച വിവരങ്ങൾ പ്രകൃതി നീരീക്ഷകർക്കും ഗവേഷകർക്കും ലഭ്യമാക്കുകയാണ് ഈ ആപ് പ്രസിദ്ധീകരിച്ചതുവഴി ലക്ഷ്യമാക്കുന്നത്. ശേഖരിച്ച വിവരങ്ങൾ ഉടൻ പുസ്തക രൂപത്തിലും പ്രസിദ്ധപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇവർ.

📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join Whatsapp Group..

https://chat.whatsapp.com/LLCGEPq2ks7F1EOEgmjsfp

 

You May Also Like