കോതമംഗലം : നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണമെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്. കോമൺ വെൽത്ത് ഗെയിംസിലെ മെഡൽ വേട്ടയിലൂടെ സൂപ്പർ താരങ്ങളായ എം. എ കോളേജിലെ മുൻ കായിക താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ എന്നീ കായിക താരങ്ങൾക്ക് കോളേജ് ഒരുക്കിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കായിക തലസ്ഥാനം എന്ന പേരിലാണ് കോതമംഗലം അറിയപ്പെടുന്നത്. അങ്ങനെയുള്ള കോതമംഗലത്തു കായിക പ്രതിഭകളുടെ പരിശീലനത്തിന് നല്ലൊരു സിന്തറ്റിക് ട്രാക്കിന്റെ ആവശ്യം ഏറുകയാണ്.
ദേശീയ തലത്തിൽ കായിക മേഖലയിൽ മികവ് പുലർത്തുന്ന മാർ ബേസിൽ സ്കൂൾ, സെന്റ്. ജോർജ് സ്കൂൾ, മാതിരപ്പിള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ എം. എ. കോളേജിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. നല്ലൊരു സിന്തറ്റിക് ട്രാക്ക് എം. എ കോളേജിന് അനുവദിച്ചാൽ ഈ സ്കൂളിലെ കായിക വിദ്യാർത്ഥികൾക്കുൾപ്പെടെ ഇവിടെ പരിശീലനം നടത്തുവാൻ സാധിക്കും ഡോ വിന്നി പറഞ്ഞു.ഒളിമ്പ്യൻ അനിൽഡാ തോമസ്, ടി. ഗോപി, ഈ കഴിഞ്ഞ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡൽ ജേതാക്കളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ അടക്കം 25ലേറെ അന്താരാഷ്ട്ര കായിക താരങ്ങളാണ് മാർ അത്തനേഷ്യസ് കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് പിറവി കൊണ്ടിട്ടുള്ളത്.