കോതമംഗലം:കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ടാബുകൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും ശാരീരിക അവശതകൾ മൂലം നിത്യവും സ്കൂളിൽ പോകാൻ കഴിയാത്ത ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്നവരും,സ്ക്കൂൾ വിദ്യാഭ്യാസം നേടുന്നവരുമായിട്ടുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ള ഭിന്നശേഷിക്കാരായ 38 കുട്ടികൾക്കാണ് പഠന പ്രവർത്തനങ്ങൾക്കായി ടാബ് സൗകര്യം ഏർപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ പഠന പ്രവർത്തനങ്ങളിൽ ഇവരെ സഹായിക്കുവാൻ റിസോഴ്സ് ടീച്ചർമാർ ആഴ്ചയിൽ നാല് ദിവസം സ്കൂളുകളിലും ഒരു ദിവസംഇവരുടെ വീടുകളിലെത്തി അനുരൂപീകരണം നടത്തും.
ഇത്തരത്തിൽ ഇവർക്ക് വിദ്യാലയത്തിൽ ലഭിക്കേണ്ട പഠനം നൽകുമ്പോൾ വിദ്യാലയന്തരീക്ഷം സൃഷ്ടിക്കുവാനായി തൻ്റെ ക്ലാസിലെ സഹപാഠികളെ വീട്ടിലെത്തിക്കുന്ന ചങ്ങാതിക്കൂട്ടം എന്ന പദ്ധതിക്ക് തുടക്കം കുറിക്കുക,കുട്ടികളുടെ മുറി റിസോഴ്സ് മുറിയായി ഉയർത്തുക എന്ന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കുമെന്നും എം എൽ എ പറഞ്ഞു.ടാബ് വിതരണം നാളെ (30-05-2021 ഞായർ) ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.