കോതമംഗലം :കോഴിപ്പിള്ളി പരത്തറക്കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപകട സാധ്യത നിലനിൽക്കുന്ന ഭാഗത്ത് ഗാബിയോൺ ഭിത്തി നിർമ്മിച്ച് പുഴയുടെ ആഴം കുറയ്ക്കുന്നതിന് കളക്ടറോട് ശുപാർശ ചെയ്യാൻ ധാരണയായി .
ഏകദേശം 10 അടി താഴ്ചയുള്ള അപകടം നിറഞ്ഞ ഭാഗത്ത് 400 ക്യുബിക്ക് മീറ്റർ ക്വാണ്ടിറ്റിയിൽ ഗാബിയോൺ ഭിത്തി നിർമ്മിച്ച് ആഴം കുറയ്ക്കുന്നതിന് വേണ്ടി
ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ധാരണയായി. നിലവിൽ ഈ പ്രദേശത്ത് 3 മുങ്ങി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ പ്രദേശ വാസിയായ ചെറുപ്പക്കാരനും, രണ്ടാഴ്ച മുൻപ് പ്രദേശ വാസികൾ തന്നെയായ വീട്ടമ്മയും പത്താം ക്ലാസ്സ് വിദ്യാർഥിനിയുമായ മകളുമാണ് ഇവിടെ മുങ്ങി മരിച്ചത്.
മാത്രമല്ല പലപ്പോഴും ചുഴിയിൽ അകപ്പെടുന്നവർ ഭാഗ്യം കൊണ്ടുമാണ് മാത്രമാണ് രക്ഷപ്പെടുന്നത്.ടി വിഷയങ്ങൾ ഈ മാസം ഒന്നാം തീയതി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് സമിതി യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. പ്രദേശത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
എംഎൽഎ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, തഹസിൽദാർ അനിൽകുമാർ എം, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അബ്ബാസ് ബി, വാർഡ് മെമ്പർ ദീപാ ഷാജു,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ജു എൻ എസ്, അസിസ്റ്റന്റ് എൻജിനീയർ സ്നേഹ കരുണാകരൻ, രാജൻ കെ കെ , ബിജു എ കെ, ലയൺസ് ക്ലബ് ഭാരവാഹികളായ മാത്യൂസ് കോയിക്കക്കുടി,ഡിജിൽ സെബാസ്റ്റ്യൻ എന്നിവരും പ്രദേശ വാസികളും സന്നിഹിതരായിരുന്നു.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാനും തീരുമാനിച്ചു.
