കുറുപ്പംപടി / തിരുവനന്തപുരം : വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്തം, പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമാകാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ.ടി അജിത് കുമാർ എന്നിവർക്ക് ഉറപ്പ് നൽകി.ചികിത്സയിൽ കഴിയുന്ന ആളുകളുടെ ചികിത്സ സഹായം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോട് ഈ വിഷയം സംസാരിക്കും.
ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ.ടി അജിത് കുമാർ നിവേദനം നൽകിയതിനെ തുടർന്നാണ് മന്ത്രി തുടർ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്.133 പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്. 33 പേർ ഇപ്പോൾ ചികിത്സയിലാണ്. 2 പേർ മരണപ്പെട്ടു.ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തി വരികയാണ്.
ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ല എന്ന കാര്യം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് മന്ത്രി നിർദ്ദേശം നൽകി.