കോതമംഗലം : നേര്യമംഗലത്ത് രണ്ട് വാർഡുകളിലായി മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരുന്നു. തുടർന്ന് നേര്യമംഗലത്ത് കോവിഡ് രോഗവ്യാപനം അറിയാന്‍ അടുത്ത് സമ്പർക്കമുണ്ടായവരെ കൂടി സ്രവപരിശോധനക്ക് വിധേയരാക്കുകയായിരുന്നു. ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടി. പതിനൊന്നാം വാർഡിൽ രോഗം സ്ഥിരീകരിച്ച മുപ്പത്തെട്ടുകാരന്റെ രണ്ട് ബന്ധുക്കൾക്കാണ് എട്ടാം വാർഡിൽ രോഗമുണ്ടായത്. ആദ്യദിവസം തന്നെ പതിനൊന്നാം വാർഡ് കണ്ടെയിൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. കീഴ്മാട് കല്ല്യാണ നിശ്ചയത്തിൽ പങ്കെടുത്തതും അവരുടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമായ രണ്ടുപേരുള്ള എട്ടാം വാർഡ് കണ്ടെയിമെന്റ് സോണാകുന്ന സാഹചര്യമുണ്ടായാൽ നേര്യമംഗലം ടൗണ്‍ അടച്ചിടേണ്ടിവരും എന്നാണ് കരുതുന്നത്.
നേര്യമംഗലത്തുള്ള അഞ്ച് പേരുടെയും പല്ലാരിമംഗലത്തുള്ള രണ്ട് പേരുടെയും സ്രവങ്ങളാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇവരുടെ പരിശോധനാഫലങ്ങൾ പോസിറ്റീവ് ആകുവാൻ ഇടയായാൽ ശക്തമായ നടപടികൾ കൈകൊള്ളേണ്ടി വരും. രോഗവ്യാപനമുണ്ടായാല്‍ ടൗൺ അടക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരും. കണ്ടെയിന്മെന്റ് സോണില്‍ അനാവശ്യമായുള്ള യാത്രകള്‍ തടയാന്‍ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പോലിസിന്റെ നിരീഷണവും ശക്തമാണ്.