കോതമംഗലം : നാളികേര ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിൻ്റെ കൂട്ടായ പ്രവർത്തനത്തിൽ കർഷകർ പങ്കാളികളാവണമെന്ന് ആൻ്റണി ജോൺ എം എൽ എ.മുനിസിപ്പൽ കൃഷി ഭവൻ പരിധിയിലെ കേര സംരക്ഷണ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് നാളികേര ഉൽപ്പാദനത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും,കൃഷി വകുപ്പിൻ്റെ പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചും എം എൽ എ സൂചിപ്പിച്ചത്. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷയായി.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു പദ്ധതി വിശദീകരിച്ചു.സിബി മങ്ങാട്ട് എന്ന കർഷകൻ്റെ കൃഷിയിടത്തിൽ നടത്തിയ ചടങ്ങിൽ കൗൺസിലർമാരായ രമ്യാ വിനോദ്,റോസിലി ഷിബു,പി ആർ ഉണ്ണിക്കൃഷ്ണൻ,വിദ്യാ പ്രസന്നൻ,ഇ പി സാജു,രഞ്ജിത് തോമസ്,പ്രദീപ് ഒ പി,കർഷകർ എന്നിവർ പങ്കെടുത്തു.
തെങ്ങിന് ജൈവവളമായി പയറു വിത്തു വിതയ്ക്കൽ, ശീമക്കൊന്നയുടെ പച്ചില വളപ്രയോഗം,ശീമക്കൊന്ന കമ്പു നടീൽ എന്നിവ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തി. കൃഷി ഫീൽഡ് ഓഫീസർ എൽ ഷിബി സ്വാഗതവും വാർഡ് കൗൺസിലർ ഭാനുമതിരാജു നന്ദിയും രേഖപ്പെടുത്തി.മുനിസിപ്പൽ കൃഷിഭവൻ മുഖേന എണ്ണായിരത്തോളം തെങ്ങുകൾക്ക് പയറു വിത്തു വിതരണവും,അയ്യായിരം ശീമക്കൊന്ന കമ്പുകളുടെ വിതരണവും നടത്തുന്നുണ്ട്.ശീമക്കൊന്ന കമ്പുകൾ കൃഷിയിടത്തിൽത്തന്നെ വേലിയരികിലൂടെ നട്ടുവളർത്തുന്നതു വഴി നേരിട്ട് തെങ്ങുകൾക്ക് ഹെക്ടറിന് ഒരു വർഷത്തിൽ 5 ടണ്ണോളം ജൈവവള ലഭ്യത ഉറപ്പാക്കാവുന്നതാണ്.നാളികേര ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന ഈ പ്രവർത്തനങ്ങൾ എല്ലാ കൃഷിഭവനിലും നടത്തുന്നുണ്ടെന്നും,നാളികേര കർഷകർ അതാതു കൃഷിഭവനുമായി ബന്ധപ്പെട്ട് പദ്ധതിയിൽ പങ്കാളികളാവണമെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.