കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ നാടുകാണിയിൽ ഒറ്റമുറി ഷെഡിൽ താമസിക്കുന്ന അംഗപരിമിതയായ പ്രായമായ അമ്മയ്ക്ക് വിഷുദിനത്തിൽ ആവശ്യവസ്തുക്കൾ എത്തിച്ച് നൽകി യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് തനിയെ ഷെഡിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വിഷു ദിനത്തിൽ സഹായമെത്തിച്ചത്. യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേണ്ട ആവശ്യവസ്തുക്കൾ സമാഹരിച്ച് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറി ജെയിൻ ജോസ്, അരുൺ എന്നിവർ ചേർന്നാണ് സഹായമെത്തിച്ചത്.
നാടുകാണി മലയുടെ സമീപ പ്രദേശങ്ങളിൽ വീട്ടിലെത്താൻ വഴി പോലും ഇല്ലാത്ത സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന പ്രായമായ അമ്മച്ചിക്കാണ് കോതമംഗലം യൂത്ത് കോൺഗ്രസ് കൈത്താങ്ങായത്. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കൊറൊണ കാലഘട്ടത്തെ പ്രതിരോധിക്കാൻ ഇനി മുന്നോട്ടും അർഹതപ്പെട്ടവർക്കും, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സഹായമെത്തിക്കാൻ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി സജീവമായി പ്രവർത്തിക്കുമെന്ന് വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ് അറിയിച്ചു.