കോതമംഗലം : വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരമായി പ്രഖ്യാപിക്കാനുള്ള നടപടി കർഷക ദ്രോഹപരമാണെന്നും ഉദ്യോഗസ്ഥർ സേഫ് സോണിൽ ഇരുന്നു കർഷകർക്ക് ബഫർ സോൺ നിശ്ചയിക്കുന്ന രീതി ശരിയല്ലെന്നും കോതമംഗലം രൂപതാ അധ്യക്ഷന്മാർ ജോർജ് മഠത്തിക്കണ്ടതിൽ പ്രസ്താവിച്ചു. കോതമംഗലത്ത് പ്രഖ്യാപനത്തിനെതിരെ നടന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ് മഠത്തിക്കണ്ടത്തിൽ. ഒരു നൂറ്റാണ്ടായി ഇവിടെ കൃഷി ചെയ്ത ജീവിച്ചുകൊണ്ടിരുന്ന കർഷകർക്ക് ബഫർ പ്രഖ്യാപനം കനത്ത ആഘാദം ഏൽപ്പിച്ചിരിക്കുകയാണ്. കർഷകരെ മറന്നുള്ള പരിസ്ഥിതി സ്നേഹം ആരോഗ്യകരമല്ല എന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരം 4:30ക്ക് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ പങ്കാളികളായി. വെളിയച്ചാൽ ഫൊറോന വികാരി റവ.ഡോ തോമസ് പറയിടം, എ കെ സി സി കോതമംഗലം മേഖലാ പ്രസിഡന്റ് സണ്ണി എന്നിവർ നയിച്ച റാലി കോതമംഗലം രൂപത ജനറാൾ മോൺ.പയസ് മലേക്കണ്ടം ഫ്ലാഗ് ഓഫ് ചെയ്തു . റവ.ഫാ.റോബിൻ പടിഞ്ഞാറെക്കുറ്റ്, സണ്ണി കടുത്താഴെ , തുടങ്ങിയവർ പ്രസംഗിച്ചു . കോതമംഗലം രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കീരംപാറ പ്രമേയം അവതരിപ്പിച്ചു . കർഷക അതിജീവന സമിതി എറണാകുളം ജില്ലാ പ്രസിഡണ്ട് ജോബി സെബാസ്റ്റ്യൻ കർഷക പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ സ്വാഗതവും എ. കെ.സി. സി രൂപത പ്രസിഡണ്ട് ജോസ് പുതിയിടത്ത് നന്ദിയും പറഞ്ഞു.