കോതമംഗലം: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശാനുസരണം കോതമംഗലം മിനി സിവില്‍ സ്റ്റേഷനിലും മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിലും ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍ നടത്തി. മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിലെ 21 സര്‍ക്കാര്‍ ഓഫീസുകളും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.
വൈകുന്നേരം നാലു മുതല്‍ 4.30 വരെ ഓഫീസുകള്‍ അടച്ച് ജീവനക്കാര്‍ ജാഗ്രത പാലിച്ചു. മിനി സിവില്‍ സ്റ്റേഷനില്‍ സൈറണ്‍ ഇല്ലാത്തതുകൊണ്ട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് സൈറണ്‍ മുഴക്കിയത്. സൈറണ്‍ മൂന്നുവട്ടം മുഴങ്ങിയതോടെ ജീവനക്കാര്‍ എല്ലാവരും ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് മുഴുവന്‍ ലൈറ്റുകളും അണച്ചു. വാതിലുകളും ജനാലകളും അടച്ചു.
ജനാലകളില്‍ കര്‍ട്ടനിട്ടു. 4.28ന് സുരക്ഷ സൈറണ്‍ വീണ്ടും മുഴങ്ങിയതോടെയാണ് മോക്ക് ഡ്രില്‍ ബ്ലാക്ക് ഔട്ട് അവസാനിച്ചത്. ഓരോ ഓഫീസിലും വകുപ്പുതല മേധാവികള്‍ നേതൃത്വം നല്‍കി. മാമലക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ ഫയര്‍ ഫോഴ്‌സും പോലീസും പങ്കെടുത്തു.
