പോത്താനിക്കാട്: ആംബുലന്‍സ് നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് കിടപ്പുരോഗി മരിച്ചു. പോത്താനിക്കാട് പുല്‍പ്പറയില്‍ പരേതനായ ബേബിയുടെ മകന്‍ ബെന്‍സനാ(35) ണ് മരിച്ചത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. സഹോദരന്‍ ജെന്‍സണ്‍, ആംബുലന്‍സ് ഡ്രൈവര്‍ തിരുവനന്തപുരം വെഞ്ഞാറമൂട് കാട്ടില്‍ പുത്തന്‍വീട്ടില്‍ ശിവപ്രസാദ്, അയല്‍വാസിയും സുഹൃത്തുമായ ബൈജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സഹോദരന്‍ ജെന്‍സനെ പിറവം താലൂക്ക് ആശുപത്രിയിലും, ശിവപ്രസാദിനെയും ബൈജുവിനെയും വൈക്കം പൊതിയില്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴോടെ മുളക്കുളം വടുകുന്നപ്പുഴ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഏതാനും വര്‍ഷം മുമ്പുണ്ടായ വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടമായ ബെന്‍സണ്‍ വൈക്കത്ത് സ്വകാര്യ ആശുപത്രിയിലെ ചികിത്സിലായിരുന്നു.
വ്യാഴാഴ്ച രാവിലെ പോത്താനിക്കാട്ടെ വീട്ടില്‍നിന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അനിയന്‍ ജെന്‍സണും, സുഹൃത്ത് ബൈജുവുമാണ് രോഗിയോടൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. സഹപാഠിയായ കരിമണ്ണൂര്‍ സ്വദേശി ജീറ്റ്‌സ് ജോര്‍ജ്, ബെന്‍സന് ഉപയോഗിക്കാനുള്ള വീല്‍ ചെയറുകളുമായി ഓട്ടോക്ഷയില്‍ ഒപ്പം പോയിരുന്നു. വടുകുന്നപ്പുഴ ക്ഷേത്രം മുതല്‍ എസ്എന്‍ഡിപി കവല വരെയുള്ള ഭാഗം കോണ്‍ക്രീറ്റ് റോഡാണ്. ഉയരം കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ച റോഡിന് വശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. കോണ്‍ക്രീറ്റ് കട്ടിംഗില്‍ കയറി ആംബുലന്‍സ് മറിയുകയായിരുന്നുവെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ രോഗിയെയും മറ്റ് മൂന്ന് പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. വെള്ളൂരില്‍ നിന്ന് പോലീസും പിറവത്ത് അഗ്‌നി രക്ഷാസേ നയും സ്ഥലത്തെത്തിയിരുന്നു. മാതാവ്: സ്റ്റെല്ല, സഹോദരങ്ങള്‍: ജെന്‍സണ്‍, ബെന്‍സി