കോതമംഗലം: പുതുപ്പാടി മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം ബി എ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തണൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ തിങ്കളാഴ്ച്ചയും ഭക്ഷണം എത്തിക്കുന്ന പ്രവർത്തനമാണ് മൺഡേ മീൽ പ്രോഗ്രാം. ഈ ആശയം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും എത്തിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലക്ക് ആരോഗ്യ സാമൂഹ്യ സേവന രംഗത്ത് പ്രതിബദ്ധത ഉറപ്പിക്കുന്നതിനുമായി മാർച്ച് 1 മുതൽ 20 വരെ ഓൾ കേരള ഹങ്കർ ഫ്രീ ഹോസ്പിറ്റൽ ക്യാമ്പയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സംഘടിപ്പിക്കുന്നു.
ഇതിന് മുന്നോടിയായി കോതമംഗലത്ത് ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വാക്കത്തോൺ നടത്തി. ചെറിയപള്ളിത്താഴത്ത് കോതമംഗലം എം എൽ എ ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സമാപിച്ചു. കോതമംഗലം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. കെ വി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. കെ എ നൗഷാദ്, മുനിസിപ്പൽ കൗൺസിലർ ശ്രീ. റിൻസ് റോയ്, ആശുപത്രി പി ആർ ഒ ശ്രീ. അനൂപ്, ശ്രീ. മണി, എം ബി എ ഡിപ്പാർട്മെന്റ് ഹെഡ് ശ്രീ. എൽദോ എം ബേബി, കോളേജ് സ്റ്റാഫ് സെക്രട്ടറി ശ്രീ. ശ്യാം സി എസ്, സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ അൽത്താഫ് പി എം, അൽത്താഫ് എൻ എസ്, ലിൻസ് ആൻ, ആദർശ്, സോണി എന്നിവരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും പരിപാടിയിൽ സംബന്ധിച്ചു.
